ന്യൂഡൽഹി: നിക്ഷേപകരുടെ ഭാഗത്ത് നിന്ന് കടുത്ത സമ്മർദ്ദം ഉണ്ടായ സാഹചര്യത്തിൽ ട്രവിസ് കലനിക് യൂബറിന്റെ സിഇഒ സ്ഥാനത്ത് നിന്ന് രാജിവച്ചു. 2009 ൽ ഇദ്ദേഹമാണ് ഓൺലൈൻ ടാക്സി സംരംഭമായ യൂബർ സ്ഥാപിച്ചത്. നിക്ഷേപകരുമായുള്ള ആഭ്യന്തര തർക്കത്തെ തുടർന്ന് ഇദ്ദേഹം അനിശ്ചിത കാല അവവധിയിൽ പ്രവേശിക്കുമെന്ന് നേരത്തേ വാർത്തയുണ്ടായിരുന്നു.

യൂബറിന്റെ പ്രധാന നിക്ഷേപകരിൽ അഞ്ച് പേർ സിഇഒ സ്ഥാനത്ത് നിന്നുള്ള ട്രവിസ് കലനികിന്റെ രാജി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. യൂബറിന്റെ ഓഹരി ഉടമകളിൽ പ്രധാനിയും വെഞ്ച്വർ കാപിറ്റൽ സ്ഥാപനവുമായ ബെഞ്ച് മാർക്കിന്റെ പ്രതിനിധി ബിൽ ഗേർലി തന്നെ സിഇഒയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ട്രവിസിന്റെ രാജിക്ക് പുറമേ ഒഴിവ് വരുന്ന രണ്ട് സ്ഥാനങ്ങളിലും സ്വതന്ത്ര നിലപാടുള്ള രണ്ട് പേരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂയോർക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, ഇത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലമാണെന്ന് ട്രവിസ് കലനിക് പറഞ്ഞു. “ആഭ്യന്തര സംഘർഷത്തിലൂടെ സ്ഥാപനം കൂടുതൽ പ്രതിസന്ധിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. നിക്ഷേപകർ ആവശ്യപ്പെട്ടത് പ്രകാരം രാജിവയ്ക്കുകയാണ്” അദ്ദേഹം അറിയിച്ചു.

യൂബർ ഡ്രൈവർമാരിൽ നിന്ന് മോശം പെരുമാറ്റമുണ്ടായെന്നും യാത്രക്കാർക്കെതിരെ പീഡന ശ്രമങ്ങളുണ്ടായെന്നുമുള്ള അപകീർർത്തികരമായ വാർത്തകൾ പ്രചരിക്കുമ്പോഴാണ് ഈ മാറ്റവും ഉണ്ടാകുന്നത്. പെരുമാറ്റ ദൂഷ്യത്തെ തുടർന്ന് 20 ജീവനക്കാരെ കഴിഞ്ഞ മാസം കമ്പനി പിരിച്ചുവിട്ടിരുന്നു. എന്നാൽ കലനികിന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് ഒദ്യോഗിക പത്രക്കുറിപ്പ് ഇനിയും വന്നിട്ടില്ല.

കൊച്ചിയടക്കം, ലോകത്താകമാനം നൂറ് കണക്കിന് നഗരങ്ങളിൽ യൂബർ ടാക്സികൾ എത്തിച്ചത് ട്രവിസ് കലനികാണ്. ചെറിയ കാലയളവിൽ തന്നെ ആഗോളവിപണിയിൽ വൻ കുതിച്ചു ചാട്ടം നടത്തിയ യൂബറിന് 70 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഇപ്പോഴുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook