യൂബർ പോലുളള ഓൺലൈൻ ടാക്സി സേവനങ്ങളുടെ വരവോടെ മെട്രോ നഗരങ്ങളിലെ യാത്രകൾ കുറച്ചുകൂടി സുഗമമായിട്ടുണ്ട്. പക്ഷേ അപ്പോഴും യൂബറിലെ യാത്ര സുരക്ഷിതമാണോ എന്നതു സംബന്ധിച്ചും അധികനിരക്ക് ഈടാക്കുന്നത് സംബന്ധിച്ചും ഇടയ്ക്കിടെ വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ ബെംഗളൂരുവിൽനിന്നും സമാനമായ ഒരു സംഭവം പുറത്തുവന്നിരിക്കുന്നു. റയിൽവേ സ്റ്റേഷനിൽനിന്നും മൈസൂരു റോഡിലെ സാറ്റലൈറ്റ് ബസ് സ്റ്റോപ്പിലേക്ക് യാത്ര പോകാനായി യൂബറിനെ വിളിച്ച പ്രവീൺ എന്ന യാത്രക്കാരനാണ് ദുരനുഭവം ഉണ്ടായതായി ബാംഗ്ലൂർ മിറർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആറു കിലോമീറ്ററാണ് പ്രവീൺ യാത്ര ചെയ്തത്. പക്ഷേ യാത്രയുടെ അവസാനം ചാർജ് കേട്ടപ്പോൾ പ്രവീൺ ശരിക്കും ഞെട്ടിപ്പോയി. 5,325 രൂപ. ”മൈസൂരിൽ വൈകിട്ടാണ് ഞാൻ എത്തിയത്. അപ്പോഴേക്കും 3.30 നുളള ട്രെയിൻ കടന്നുപോയിരുന്നു. അതിനാലാണ് മൈസൂരു സാറ്റലൈറ്റ് ബസ് സ്റ്റോപ്പിലേക്ക് പോകാനായി യൂബർ വിളിച്ചത്. 4.30 ഓടെയാണ് യൂബറിൽ കയറിയത്. എനിക്ക് എത്തേണ്ട സ്ഥലമെത്തിയപ്പോൾ അയാൾ ബിൽ നൽകിയത് 5,325 രൂപ” പ്രവീൺ ബാംഗ്ലൂർ മിററിനോട് പറഞ്ഞു.

ഇപ്പോൾ യാത്ര ചെയ്ത നിരക്ക് 103 രൂപയാണെന്നും ബാക്കി മുൻപുളള കുടിശ്ശികയാണെന്നുമാണ് ഡ്രൈവർ പ്രവീണിനോട് പറഞ്ഞത്. എന്നാൽ പ്രവീൺ 103 രൂപ മാത്രമേ നൽകുകയുള്ളൂവെന്നു പറഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഒടുവിൽ ഡ്രൈവർ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു വിവരം അറിയിച്ചു. അവർ അടുത്തുളള പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ പറഞ്ഞു. ഇരുവരും പൊലീസ് സ്റ്റേഷനിൽ ചെല്ലുകയും വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു. ഒടുവിൽ യൂബറിന്റെ സോഫ്റ്റ്‌വെയറിലുണ്ടായ തകരാറു മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഡ്രൈവർ പറയുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു.

ടെക്നിക്കൽ തകരാറായിരുന്നു ഇതെന്നും അത് പരിഹരിച്ചതായും പിന്നീട് യൂബർ ഉദ്യോഗസ്ഥൻ പറഞ്ഞു. യാത്രക്കാരനുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ