ന്യൂഡല്‍ഹി: വ്യക്തികളെയും തീവ്രവാദികളായി പ്രഖ്യാപിക്കാന്‍ സാധിക്കുന്ന യുഎപിഎ നിയമഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. നേരത്തെ ലോക്‌സഭ പാസാക്കിയ ബില്ലാണ് ഇന്ന് രാജ്യസഭ പാസാക്കിയത്. വ്യക്തികളെയും തീവ്രവാദികളായി പ്രഖ്യാപിക്കാം എന്നതാണ് ബില്ലിലെ ഏറ്റവും വലിയ പ്രത്യേകത. രാഷ്ട്രപതി ഒപ്പുവച്ചാല്‍ ബില്‍ നിയമമാകുകയും പ്രാബല്യത്തില്‍ വരികയും ചെയ്യും. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. 147 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 42 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.

ബില്‍ ദുരുപയോഗിക്കില്ലെന്നും ബില്ലിനെ മുന്‍നിര്‍ത്തി മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തില്ലെന്നും ബില്‍ അവതരണവേളയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. തീവ്രവാദത്തിന് മതമില്ല. തീവ്രവാദം ഒരു പ്രത്യേക പാര്‍ട്ടിക്കോ വ്യക്തിക്കോ എതിരല്ല. മറിച്ച് മനുഷ്യവംശത്തിന് തന്നെ എതിരാണ്. അതിനാല്‍ ബില്ലിനെ എല്ലാവരും പിന്തുണക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. സംഘടനകള്‍ നിരോധിക്കുമ്പോള്‍ അതിലുള്‍പ്പെട്ട ആളുകള്‍ മറ്റൊരു സംഘടനയുണ്ടാക്കി പിന്നെയും പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also: പിന്നിലേക്ക് തിരിഞ്ഞുനോക്കൂ, അടിയന്തരാവസ്ഥ കാലത്ത് എന്താണ് സംഭവിച്ചത്?: അമിത് ഷാ

യുഎപിഎ നിയമം ദുരുപയോഗിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് പ്രതിപക്ഷം വിമര്‍ശിച്ചപ്പോൾ പ്രതിരോധവുമായി അമിത് ഷാ എത്തി. രാജ്യത്ത് അടിയന്തരാവസ്ഥ കാലത്ത് എന്താണ് സംഭവിച്ചതെന്ന് ഷാ രാജ്യസഭയില്‍ ചോദിച്ചു. ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കൂ എന്ന് പറഞ്ഞാണ് അമിത് ഷാ പ്രതിപക്ഷത്തിനെതിരെ പ്രസംഗിച്ചത്. അടിയന്തരാവസ്ഥയുടെ 19 മാസക്കാലം രാജ്യത്ത് ജനാധിപത്യം ഉണ്ടായിരുന്നില്ല. എല്ലാ മാധ്യമങ്ങളെയും അന്ന് നിരോധിച്ചു. പ്രതിപക്ഷ നേതാക്കളെ എല്ലാം ജയിലിലടച്ചു. അങ്ങനെയുള്ളവരാണ് നിയമം ദുരുപയോഗിക്കുന്നുവെന്ന് പറഞ്ഞ് തങ്ങളെ കുറ്റപ്പെടുത്തുന്നതെന്ന് അമിത് ഷാ പറഞ്ഞു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് തങ്ങള്‍ പ്രതിപക്ഷമായിരുന്നപ്പോള്‍ യുഎപിഎ നിയമബില്‍ ഭേദഗതികളെ പിന്തുണച്ചിരുന്നു. അത് ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം എന്നുള്ളതുകൊണ്ടാണ്. ഭീകരവാദത്തിന് മതമില്ലെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഭീകരവാദത്തിന് മനുഷ്യത്വമില്ലെന്നും അമിത് ഷാ പറഞ്ഞു.

ഒരിക്കലും ഭീകരവാദത്തെ പിന്തുണക്കുന്നില്ലെന്നും ഭീകരവാദത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും കോണ്‍ഗ്രസ് പറഞ്ഞു. വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കുന്ന നടപടിയെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നത്. ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയുള്ളത് ബിജെപിക്കാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. മസൂദ് അസ്ഹറിനെ വിട്ടുനല്‍കിയ നടപടി ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ബിജെപിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook