ന്യൂഡല്‍ഹി: ദുബായ് ഭരണാധികാരിയുടെ മകള്‍ ഷെയ്ഖ ലത്തീഫ ബിൻ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിനെ കുറിച്ചുളള മനുഷ്യാവകാശ സംഘടനകളുടെ ആശങ്കയില്‍ മറുപടി അറിയിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം. ഷെയ്ഖ ലത്തീഫയും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടനയുടെ മുന്‍ ഹൈക്കമ്മീഷണറും ഒരുമിച്ച് ഇരിക്കുന്ന ചിത്രം യുഎഇ പുറത്തുവിട്ടു.
ലത്തീഫ കുടുംബത്തിനൊപ്പം ദുബായില്‍ താമസിക്കുന്നുണ്ടെന്നും ഇതിനുളള തെളിവ് മനുഷ്യാവകാശ സംഘടനയ്ക്ക് കൈമാറിയിട്ടുണ്ടെന്നും യുഎഇ അറിയിച്ചു. അയര്‍ലന്റിന്റെ മുന്‍ പ്രസിഡന്റ് കൂടിയായ മേരി റോബിന്‍സന്റെ കൂടെയുളള ലത്തീഫയുടെ ചിത്രമാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്. ഡിസംബര്‍ 15ന് ദുബായിൽ എടുത്ത ചിത്രമാണ് ഇതെന്നാണ് വിശദീകരണം.

നേരത്തെ ദുബായില്‍ നിന്നും ഒളിച്ചോടിയ ലത്തീഫയെ ദുബായ് രാജകുടുംബം വീണ്ടും തിരികെ എത്തിച്ചിരുന്നു. ഇതിന് ശേഷം രാജകുമാരിയുടെ വിവരങ്ങള്‍ പുറത്ത് അറിഞ്ഞിരുന്നില്ല. ഇതില്‍ മനുഷ്യാവകാശ സംഘടനകള്‍ ആശങ്ക അറിയിച്ചിരുന്നു.
ലത്തീഫയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സേനയ്ക്കെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിരുന്നു. ദുബായില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഷെയ്ഖ ലത്തീഫയുടെ അമേരിക്കന്‍ നൗകയായ ‘നൊസ്ട്രോമോ’ ഗോവന്‍ തീരത്ത് വച്ച് ആക്രമിച്ചാണ് രാജകുമാരിയെ തിരിച്ചയച്ചതെന്ന വിവരമാണ് പുറത്തുവന്നത്.
വര്‍ഷങ്ങള്‍ നീണ്ട പീഡനത്തിനും നരകയാതനകള്‍ക്കും ശേഷം പിതാവിന്റെ പിടിയില്‍ നിന്നും ഷെയ്ഖ ലത്തീഫ രക്ഷപ്പെടാന്‍ ശ്രമിച്ചതായി രാജകുമാരി നേരത്തെ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നുണ്ട്. ‘നൊസ്ട്രോമോ’ ഇന്ത്യന്‍ തീരമണഞ്ഞ 2018 മാര്‍ച്ച് 4 നായിരുന്നു മുന്‍ അമേരിക്കന്‍ ഫ്രഞ്ച് ചാരനായ ഹെര്‍വ് ജൗബര്ക്കും ഫിന്നിഷ് വനിതയായ ടിനാ ജൂഹിയാനനും ഫിലിപ്പീന്‍സുകാരായ മൂന്ന് നൗക ജീവനക്കാര്‍ക്കുമൊപ്പം ഷെയ്ഖ ലത്തീഫ രാജകുമാരിയെ കാണാതായത്. പിന്നീട് ദുബായില്‍ തിരികെ എത്തിയ ശേഷം ലത്തീഫയില്‍ നിന്നും ഒരു വിവരവും പുറത്തുവന്നിട്ടില്ല.
യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെയും അള്‍ജീരിയക്കാരി ഹുര്യ അഹമ്മദ് ലമാരായുടേയും മകളും ദുബായ് രാജകുടുംബാംഗവുമാണ് ഷെയ്ഖ ലതീഫ് ബിൻ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്തൂം. മൂത്തതും ഇളയതുമായ ഇതേ പേരിലുള്ള രണ്ട് അര്‍ദ്ധസഹോദരിമാര്‍ കൂടി ഷെയ്ഖ ലത്തീഫിനുണ്ട്. 1980 ല്‍ ജനിച്ച ഷെയ്ഖ മെയ്തയാണ് സഹോദരി. 1981 ല്‍ ജനിച്ച ഷെയ്ഖ ഷംസയും 1987 ല്‍ ജനിച്ച ഷെയ്ഖ മജിദും സഹോദരിമാരാണ്.
പിതാവില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജൗബര്ട്ടിനും ജൗഹിയാനെനും ഫിലിപ്പീന്‍സുകാരായ മൂന്ന് സഹായികള്‍ക്കുമൊപ്പം 2018 ഫെബ്രുവരി 24 ന് ലത്തീഫാ നൊസ്ട്രോമയില് പുറപ്പെട്ടത്. ഗോവയിലേക്ക് രക്ഷപ്പെട്ട ശേഷം മുംബൈയില്‍ എത്തുകയും അവിടെ നിന്നും വിമാനം കയറി അമേരിക്കയ്ക്ക് പോകാനും അവിടെ രാഷ്ട്രീയാഭയം തേടാനുമായിരുന്നു പദ്ധതി.