അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. മറ്റ് രാഷ്ട്രത്തലവന്മാര്‍ക്ക് യുഎഇ നല്‍കുന്ന പരമോന്നത പുരസ്കാരമാണ് യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ പേരിലുള്ള മെഡല്‍. രാജ്യങ്ങളുമായുളള ബന്ധം ദൃഢമാക്കുന്നതിനാണ് പൊതുവെ ബഹുമതി നല്‍കി വരാറുളളത്.

‘ഇന്ത്യയുമായി ചരിത്രപരവും വിശാലവുമായ തന്ത്രപരമായ ബന്ധമാണ് ഉളളത്. പ്രിയ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്രമോദി അത് ഊട്ടിയുറപ്പിക്കുകയാണ് ചെയ്തത്. അതിനെ ബഹുമാനിച്ചാണ് ബഹുമതി നല്‍കുന്നത്,’ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പ്രഖ്യാപിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് തവണ യുഎഇ സന്ദര്‍ശിച്ചിരുന്നു. ഒടുവിലത്തെ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളും ഒപ്പുവെച്ചു. രണ്ട് വര്‍ഷം മുന്‍പ് അബുദാബി കിരീടാവകാശി ശൈഖ് ശൈഖ് മുഹമ്മദ് ബിന്‍ സായിദും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തിയിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ്, എന്നിവരും ഈ ബഹുമതി നേരത്തേ നേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook