ദുബായ്: യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പ് ഡിസംബര്‍ ഒന്നുവരെ നീട്ടി. ഒക്ടോബര്‍ 31 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന സമയ പരിധി. പുതിയ തീരുമാനത്തോടെ താമസ രേഖകളും മറ്റും ശരിയാക്കുന്നവര്‍ക്ക് ഒരു മാസത്തെ സമയം കൂടി ലഭിച്ചിരിക്കുകയാണ്.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പാണ് പുതുക്കിയ തീയതി അറിയിച്ചത്. താമസ രേഖകള്‍ ശരിയാക്കാത്തവര്‍ക്ക് എല്ലാം ശരിയാക്കാന്‍ ഒരു മാസത്തേക്ക് കൂടി സമയം ലഭിക്കാന്‍ സഹായിക്കുന്ന നടപടി വലിയ സഹായമാകുമെന്ന് ഫോറിനേഴ്‌സ് ആന്റ് പോര്‍ട്ട്‌സ് അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സയ്യിദ് റാഖന്‍ അല്‍ റാഷിദി പറഞ്ഞു.

Read Also: യുഎഇയിൽ പൊതുമാപ്പ് ആർക്കൊക്കെ? അറിയേണ്ടതെല്ലാം

മതിയായ താമസരേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവര്‍ക്ക് താമസം നിയമവിധേയമാക്കാനും അതല്ലെങ്കില്‍ പിഴയൊടുക്കാതെ രാജ്യം വിടാനുമാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നുമുതലാണ് പൊതുമാപ്പ് ഏര്‍പ്പെടുത്തിയത്.

കാലാവധി കഴിഞ്ഞാല്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും നിയമലംഘകര്‍ക്ക് പിഴയടക്കം കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആറുവര്‍ഷത്തിനുശേഷമാണ് യുഎഇയില്‍ പൊതുമാപ്പ് നിലവില്‍വന്നത്. അവസാനമായി 2012-ല്‍ 62,000 പേരാണ് ഈ ആനുകൂല്യം ഉപയോഗിച്ച് രാജ്യംവിട്ടത്. അന്ന് രണ്ടുമാസമായിരുന്നു കാലാവധി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ