വാഷിംഗ്ടണ്‍: ഉത്തരകൊറിയയിലെ തടവിൽനിന്നു മോചിതനായ യുഎസ് വിദ്യാർഥി ഒട്ടോ ഫെഡറിക് വാംബിയർ മരിച്ചു. 22 വയസ്സായിരുന്നു. വാംബിയറിന്‍റെ വീട്ടുകാരാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. ഒരു വർഷത്തിലേറെയായി തടവിലായിരുന്ന വാംബിയറിനെ കഴിഞ്ഞ 13നാണ് ഉത്തരകൊറിയ വിട്ടയച്ചത്. ഭക്ഷ്യവിഷബാധയ്ക്കുള്ള മരുന്നു കഴിച്ചതിനെത്തുടർന്ന് നാളുകളായി വാംബിയർ അബോധാവസ്ഥയിലായിരുന്നു.

ഉത്തരകൊറിയ വിട്ടയച്ചതിനെ തുടർന്ന് വിമാനമാർഗം യുഎസിലെ ഒഹിയോയിലെത്തിയ വാംബിയറിനെ, ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മകൻ ഉത്തരകൊറിയയിൽ അനുഭവിച്ച നരകയാതനകൾ വാംബിയറിന്‍റെ മാതാപിതാക്കൾ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മാനുഷിക പരിഗണനയുടെ പേരിലെന്ന് വ്യക്തമാക്കിയാണ് 17 മാസങ്ങൾക്കു ശേഷം ഉത്തരകൊറിയ വാംബിയറിനെ മോചിപ്പിച്ചത്.

വെർജീനിയ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയായിരുന്ന വാമ്പിയർ, പുതുവൽസരാഘോഷത്തിന്റെ ഭാഗമായി മറ്റു ടൂറിസ്റ്റുകളോടു ചേർന്ന് അഞ്ചു ദിവസത്തെ ഉത്തരകൊറിയൻ സന്ദർശനത്തിനെത്തിയപ്പോഴാണു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഹോട്ടലിൽ പ്രദർശിപ്പിച്ചിരുന്ന ഒരു ബാനർ മോഷ്ടിച്ചു എന്ന കുറ്റം ചുമത്തി വാമ്പിയറെ 2016 ജനുവരിയിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ചൈനയിലേക്കു മടങ്ങാൻ പ്യോങ്യാങ് വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. കുറ്റം വാമ്പിയർ സമ്മതിച്ചിരുന്നു. ഹോട്ടലിൽ പ്രദർശിപ്പിച്ചിരുന്ന ഒരു രാഷ്ട്രീയ മുദ്രാവാക്യം രേഖപ്പെടുത്തിയിരുന്ന ബാനർ താൻ എടുത്തു മാറ്റിയെന്നായിരുന്നു വാമ്പിയർ പറഞ്ഞത്.

സ്വബോധം പോലും നഷ്ടപ്പെട്ട വാമ്പിയർ, ഒരു വർഷത്തോളം ‘കോമ’ അവസ്ഥയിലാണ് ഉത്തരകൊറിയയിൽ കഴിച്ചുകൂട്ടിയതെന്ന് അദ്ദേഹത്തിന്റെ വീട്ടുകാർ വെളിപ്പെടുത്തിയിരുന്നു. 2016 മാർച്ചിൽ വിചാരണ പൂർത്തിയാക്കി ജയിലിൽ അടച്ചതുമുതൽ ഇയാൾ ‘കോമ’ അവസ്ഥയിലായിരുന്നത്രെ. ഏതാണ്ട് പൂർണമായും തളർന്നുപോയ വാമ്പിയറിന് ഉറക്കഗുളിക നൽകി സ്ഥിരമായി മയക്കി കിടത്തുകയായിരുന്നു പതിവായിരുന്നെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ