Joe Biden Visits Kyiv: കീവ്: റഷ്യന്‍ ആക്രമണം ഒരു വര്‍ഷം തികയുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് യുക്രൈനില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അപ്രതീക്ഷിത സന്ദര്‍ശനം. തലസ്ഥാനമായ കീവിലെത്തിയ അദ്ദേഹം യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി 24-നാണു റഷ്യന്‍ യുക്രൈനില്‍ ആക്രമണം ആരംഭിച്ചത്.
സെലെന്‍സ്‌കിയുമായി മാരിന്‍സ്‌കി കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തിയ ബൈഡന്‍, യുഎസ് സഹായമായി അര ബില്യണ്‍ ഡോളര്‍ അധികമായി പ്രഖ്യാപിച്ചു.സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ യുക്രെയ്നിന് അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പിന്തുണ ഉറപ്പുനല്‍കുകയും ചെയ്തു.
”ഒരു വര്‍ഷത്തിനു ശേഷവും കീവ് നിലനില്‍ക്കുന്നു. യുക്രൈന്‍ നിലനില്‍ക്കുന്നു. ജനാധിപത്യം നിലകൊള്ളുന്നു,” ബൈഡന്‍ പറഞ്ഞു.
യുദ്ധത്തിന്റെ നിര്‍ണായക ഘട്ടത്തിലാണു ബൈഡന്‍ യുക്രൈനിലെത്തുന്നത്. യുദ്ധം ശക്തമാകുമെന്നു പ്രതീക്ഷിക്കുന്നതിനാല്‍ യുക്രൈനുള്ള പിന്തുണയില്‍ സഖ്യകക്ഷികളെ ഏകീകരിക്കാനാണു ബൈഡന്റെ ശ്രമം. ഇരുപക്ഷവും കടുത്ത ആക്രമണത്തിന് തയാറെടുക്കുകയാണ്.
വാഗ്ദാനം ചെയ്ത ആയുധ സംവിധാനങ്ങളുടെ വിതരണം വേഗത്തിലാക്കാന്‍ സഖ്യകക്ഷികളെ സമ്മര്‍ദത്തിലാക്കുന്ന സെലെന്‍സ്‌കി, യുക്രൈനിലേക്കു യുദ്ധവിമാനങ്ങള്‍ എത്തിക്കാന്‍ പാശ്ചാത്യരാജ്യങ്ങളോട് ആവശ്യപ്പെടുന്നു. ബൈഡന്‍ ഇതുവരെ ചെയ്യാന്‍ വിസമ്മതിച്ച കാര്യമാണിത്.
ആയുധങ്ങള്‍ നല്‍കുന്നതിനു യുഎസിന്റെയും സഖ്യകക്ഷികളുടെയും പിന്തുണ പൊതുജനാഭിപ്രായം സൂചിപ്പിക്കുന്നുവെങ്കിലും റഷ്യന്‍ സേനയെ തുരത്താന്‍ യുക്രെയ്‌നുമായി ‘എത്രയും കാലം’ ചേര്‍ന്നുനില്‍ക്കാന്‍ അമേരിക്ക തയാറാണെന്ന് അടിവരയിടുകയെന്നതാണ് കീവ്, വാര്‍സോ സന്ദര്‍ശനത്തിലൂടെയുള്ള ബൈഡന്റെ ദൗത്യം.
കൂടുതല്‍ നൂതന ആയുധങ്ങള്‍ നല്‍കാനും വിതരണം വേഗത്തിലാക്കാനും യു എസിനെയും യൂറോപ്യന്‍ സഖ്യകക്ഷികളെയും പ്രേരിപ്പിക്കുന്ന സെലെന്‍സ്‌കിക്ക്, യുദ്ധം ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ ബൈഡന്‍ തനിക്കൊപ്പം യുക്രൈന്‍ മണ്ണില്‍ നില്‍ക്കുകയെന്നതിന്റെ പ്രതീകാത്മകത ചെറുതല്ല. അതോടൊപ്പം റഷ്യന്‍ അധിനിവേശം യുക്രൈനിലുണ്ടാക്കിയ നാശം നേരിട്ടു വിലയിരുത്താനുള്ള അവസരവും സന്ദര്‍ശനം ബൈഡനു നല്‍കുന്നു.
കീവിലെ എംബസിക്കു കാവല്‍ നില്‍ക്കുന്ന നാവികരുടെ ചെറിയ സേനയല്ലാതെ യുഎസ് സൈന്യത്തിനു യുക്രൈനില്‍ സാന്നിധ്യമില്ല. ഇതു യുദ്ധമേഖലകളിലേക്കുള്ള യുഎസ് നേതാക്കളുടെ സമീപകാല സന്ദര്‍ശനങ്ങളെ അപേക്ഷിച്ച് ബൈഡന്റെ സന്ദര്‍ശനത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി. എന്നാല്‍ ഈ മാസം ആദ്യം പോളണ്ട് സന്ദര്‍ശനം പ്രഖ്യാപിച്ച ശേഷവും യുക്രൈനിലേക്കുള്ള പ്രസിഡന്റിന്റെ യാത്ര ആസൂത്രണം ചെയ്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.
പ്രസിഡന്റെന്ന നിലയില്‍ ഒരു യുദ്ധമേഖലയിലേക്കുള്ള ബൈഡന്റെ ആദ്യ സന്ദര്‍ശനമാണിത്. അദ്ദേഹത്തിന്റെ സമീപകാല മുന്‍ഗാമികളായ ഡൊണാള്‍ഡ് ട്രംപ്, ബരാക് ഒബാമ, ജോര്‍ജ്് ഡബ്ല്യു ബുഷ് എന്നിവര്‍ പ്രസിഡന്റായിരിക്കെ അഫ്ഗാനിസ്ഥാനിലേക്കും ഇറാഖിലേക്കും യുഎസ് സൈനികരെയും അയയ്ക്കുയും ആ രാജ്യങ്ങളിലെ നേതാക്കളെ കാണാന്‍ അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.