ചിക്കാഗോ: ലൈംഗികമായി തങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന തുറന്നു പറച്ചിലുമായി നിരവധി താരങ്ങളാണ് അടുത്തിടെയായി രംഗത്തെത്തയിരുന്നു. കായിക മേഖലയില്‍ നിന്നുമാണ് നിലവിലെ പുതിയ ശബ്ദം. ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് ജിംനാസ്റ്റ് മകലേയ മറോണി തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. മുന്‍ ദേശീയ ടീമിന്റെ ഡോക്ടര്‍ ലാറി നാസറിനെതിരെയാണ് മറോണിയുടെ ആരോപണം.

ഒളിമ്പിക്സില്‍ ടീമിനത്തില്‍ സ്വര്‍ണവും വ്യക്തിഗത ഇനത്തില്‍ വെള്ളിയും കരസ്ഥമാക്കിയ താരമാണ് മകേലയ. മകയേലയ്ക്കൊപ്പം നൂറിലധികം താരങ്ങളും ലാറിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. അലി റെയ്‌സ്മാന്‍, ഗാബി ഡോഗ്ലസ്, സിമോണ്‍ ബൈല്‍സ് എന്നിവരാണ് മറ്റു താരങ്ങള്‍.

നാലുവര്‍ഷത്തോളം ഇയാള്‍ നിരന്തരമായി തന്നെ ചൂഷണം ചെയ്തുവെന്ന് മകേലയ കോടതിയില്‍ വെളിപ്പെടുത്തി. 15ാം വയസില്‍ ഒരു ടോക്കിയോ ട്രിപ്പിനിടയില്‍ ഉറക്കഗുളിക നല്‍കി മയക്കിക്കിടത്തി ലാറി തന്നെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചുവെന്ന് അവര്‍ പറഞ്ഞു.
‘ആ രാത്രിയില്‍ ഞാന്‍ മരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ആദ്യം കരുതിയത്. എന്റെ വിശ്വാസത്തെ, എന്റെ ശരീരത്തെയെല്ലാം അയാള്‍ ചൂഷണം ചെയ്തു. ഒരിക്കലും മായ്ച്ചുകളയാനാവാത്ത് മുറിവുകള്‍ എന്റെ മനസ്സിലുണ്ടാക്കി. ദേശീയ ടീമിന്റെ ട്രെയിനിങ്  ക്യാമ്പുകളില്‍ രക്ഷിതാക്കളെ പ്രവേശിപ്പിക്കില്ലായിരുന്നു. അതിനാല്‍ അയാള്‍ എന്നെ എന്താണ് ചെയ്തതെന്ന് എന്റെ മാതാപിതാക്കള്‍ക്ക് അറയില്ല. ഇത് തിരിച്ചറിഞ്ഞപ്പോള്‍ എന്റെ കുടുംബം തകര്‍ന്നു പോകുകയും അവരെ അത് എന്നെന്നേക്കും നീണ്ടു നില്‍ക്കുന്ന ഒരു കുറ്റബോധത്തിലേക്ക് എത്തിക്കുകയും ചെയ്തു.’ താന്‍ കായിക രംഗം വിടുന്നതു വരെ ഈ പീഡനം തുടര്‍ന്നുവെന്നും താരം പറയുന്നു. എപ്പോള്‍ അവസരം കിട്ടിയാലും നാസര്‍ തന്നെ പീഡിപ്പിച്ചിരുന്നുവെന്നും മകയേല പറയുന്നു.

ഹോളിവുഡിലെ പ്രശസ്ത നിര്‍മാതാ വായ ഹാര്‍വി വെയ്ന്‍സീനിനെതിരേ പ്രമുഖ നടികള്‍ ലൈംഗിക പീഡന ആരോപണം പുറത്തുവിട്ടതിനെ പിറകെയാണ് മറോണിയും സ്വന്തം അനുഭവം വിവരിച്ച് രംഗത്തെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook