മനില: ശനിയാഴ്ച ഫിലിപ്പീൻസിൽ വീശിയടിച്ച മംഗൂട്ട് ചുഴലിക്കൊടുങ്കാറ്റിൽ 64 പേർ മരിച്ചതായി റിപ്പോർട്ട്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം വലിയ നാശനഷ്ടങ്ങളാണ് മേഖലയിൽ ഉണ്ടായത്.

ദക്ഷിണ ചൈനയിലേക്കാണ് ഇപ്പോൾ കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. മുന്നൊരുക്കമെന്ന നിലയിൽ ഈ പ്രദേശത്ത് നിന്ന് 24 ലക്ഷം പേർ ഒഴിപ്പിക്കുകയും 50000 ബോട്ടുകളെ തിരികെ വിളിക്കുകയും ചെയ്തു.

ഹോങ്കോങ്ങിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ഹോങ്കോങ്ങിൽ വീശിയടിക്കുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാവും ഇതെന്നാണ് ഹോങ്കോങ് ഒബ്സർവേറ്ററി മുന്നറിയിപ്പ് പറയുന്നത്. ഇവിടെ എല്ലാ വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്. കനത്ത മഴയെത്തുടർന്നു ഹോങ്കോങ്ങിൽ കെട്ടിടങ്ങൾക്കു നാശമുണ്ടായി.

ഫിലിപ്പീൻസിലെ ഇട്ടഗോങ് പ്രവിശ്യയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 40 പേരെ കാണാനില്ലെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സ്വർണഖനിത്തൊഴിലാളികൾ താമസിച്ചിരുന്ന ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. ഏഴ് മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. 750 ഓളം കെട്ടിടങ്ങളാണ് ചുഴലിക്കാറ്റിൽ തകർന്നു വീണത്.  33 പേർക്ക് കൊടുങ്കാറ്റ് മൂലം ഉണ്ടായ അപകടങ്ങളിൽ പരുക്കേറ്റു.

മംഗൂട്ട് ചുഴലിക്കൊടുങ്കാറ്റിന് ഇപ്പോൾ  മണിക്കൂറിൽ 155 കിലോമീറ്ററാണ് വേഗത. ഇത് ഇനിയും ഉയരാൻ സാധ്യതയുണ്ട്. 162 കിലോമീറ്റർ വരെ വേഗത്തിലാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

ശനിയാഴ്ചയോടെ കാറ്റിന്റെ വേ​ഗത കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നി​ഗമനം. ഹോങ്കോങ്ങിൽ പലയിടത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന അധികൃതർ അറിയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook