ന്യൂഡല്‍ഹി: രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച നോട്ട് നിരോധനത്തിന്റെ രണ്ടാം വർഷത്തിൽ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ധനുമായ മന്‍മോഹന്‍ സിങ്. 2016ലെ പാടുകളും മുറിവുകളും കാലം കഴിയുന്നതിന് അനുസരിച്ച് കൂടുതല്‍ വെളിപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും പുറത്ത് വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘സാമ്പത്തിക നയങ്ങളില്‍ ദൃഢതയും സുതാര്യതയും തിരികെ കൊണ്ടുവരണമെന്നാണ് സര്‍ക്കാരിനോട് ഞാന്‍ ആവശ്യപ്പെടുന്നത്. സാമ്പത്തിക വിപത്തുകള്‍ ഒരു രാജ്യത്തെ കാലങ്ങളോളം എങ്ങനെയാണ് അലോസരപ്പെടുത്തുക എന്നും സാമ്പത്തിക നയങ്ങള്‍ വളരെ കരുതലോടെയും ചിന്തയോടെയും മാത്രമേ എടുക്കാവൂ എന്നും ഓര്‍ക്കേണ്ട ദിനമാണിന്ന്. ചെറുകിട-വന്‍കിട വ്യവസായങ്ങള്‍ ഇപ്പോഴും കരകയറാന്‍ ശ്രമിക്കുകയാണ്. യുവാക്കളുടെ തൊഴിലിനേയും സാമ്പത്തിക വിപണിയേയും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളേയും നോട്ട് നിരോധനം ബാധിച്ചു. നോട്ട് നിരോധനം എത്രമാത്രം മോശമായി ബാധിച്ചുവെന്ന് നമ്മൾ ഇനിയും കാണാനിരിക്കുന്നേയുളളൂ,’ മന്‍മോഹന്‍ സിങ് പറഞ്ഞു.

നോട്ട് നിരോധനത്തിന്റെ വാര്‍ഷിക ദിനമായ ഇന്ന് കോണ്‍ഗ്രസ് രാജ്യത്തൊട്ടാകെ പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്. സമ്പദ്ഘടനയെ തകര്‍ത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി മാധ്യമങ്ങളിലൂടെ രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 2016 നവംബർ 8 ന് രാത്രി 8 മണിക്ക് നടത്തിയ പ്രഖ്യാപനത്തിലാണ് പ്രചാരത്തിലിരുന്ന നോട്ടുകളുടെ 86.4% വരുന്ന 500 ന്റെയും 1000 ന്റെയും നോട്ടുകൾ മോദി പിൻവലിക്കുന്നത്. 1978 ലെ നോട്ടുനിരോധന ശേഷം നിരോധിച്ച നോട്ടുകളുടെ 25% നോട്ടുകളും തിരിച്ചെത്തിയിരുന്നില്ല. ഇതാവർത്തിക്കുമെന്ന പ്രതീക്ഷയാണ് സംഘപരിവാർ ഉപദേശകർക്കും മോദിക്കും ഉണ്ടായിരുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ