ന്യൂഡൽഹി: രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് 2016 നവംബര്‍ എട്ടിന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിന് നാല് മണിക്കൂറുകള്‍ മുമ്പ്, ഈ തീരുമാനത്തെ അംഗീകരിക്കുന്നതോടൊപ്പം തന്നെ രണ്ട് കാര്യങ്ങളാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിരുന്നത്. നോട്ട് നിരോധനത്തെ ന്യായീകരിച്ചുകൊണ്ട് കേന്ദ്രം പറഞ്ഞ രണ്ട് കാര്യങ്ങള്‍, കള്ളപ്പണം തിരിച്ചുപിടിക്കല്‍, കള്ളനോട്ടുകള്‍ ഇല്ലാതാക്കല്‍, ഇതുരണ്ടും നടക്കില്ലെന്നു തന്നെയായിരുന്നു ആര്‍ബിഐ നല്‍കിയ മുന്നറിയിപ്പ്.
അന്നേദിവസം വൈകുന്നേരം 5.30ന് ന്യൂഡല്‍ഹിയില്‍ വച്ച് അടിയന്തരമായി വിളിച്ചു ചേര്‍ത്ത ആര്‍ബിഐ കേന്ദ്ര ബോര്‍ഡിന്റെ 561-ാമത് യോഗത്തില്‍ നോട്ട് നിരോധനം എന്ന തീരുമാനത്തെ 'അഭിനന്ദനീയം' എന്നാണ് കേന്ദ്ര ബാങ്കിന്റെ ഡയറക്ടര്‍മാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം, ആ വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ യോഗത്തിന്റെ മിനിറ്റ്സില്‍ വ്യക്തമായി പറയുന്നുണ്ട്.
/indian-express-malayalam/media/media_files/uploads/2018/10/Read-in-English-Logo.jpg)
യോഗം നടന്ന് അഞ്ചാഴ്ചകള്‍ക്ക് ശേഷം 2016 ഡിസംബര്‍ 15ന് റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ഉര്‍ജിത് പട്ടേലാണ് മിനിറ്റ്സില്‍ ഒപ്പ് വച്ചിരിക്കുന്നത്. 'പ്രധാന നിരീക്ഷണങ്ങള്‍' എന്ന് പരാമര്‍ശിച്ചിട്ടുള്ള ആറ് എതിര്‍പ്പുകളും ഈ മിനിറ്റ്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ധനകാര്യമന്ത്രാലയം നല്‍കിയ ന്യായീകരണങ്ങളെല്ലാം മിനിറ്റ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുകയാണ് നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന് എന്ന് ധനകാര്യ മന്ത്രാലയം വാദിച്ചപ്പോള്‍, കള്ളപ്പണം പണത്തിന്റെ രൂപത്തിലല്ല മറിച്ച് സ്വര്‍ണമായും ഭൂമിയായുമാണ് ശേഖരിച്ചുവച്ചിരിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഈ നീക്കം കൊണ്ട് കാര്യമായൊരു മാറ്റവും ഉണ്ടാക്കാന്‍ സാധിക്കില്ലെന്നും ആര്‍ബിഐ കേന്ദ്ര ബോര്‍ഡ് അറിയിച്ചിരുന്നു.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകളുടെ എണ്ണം കൂടിയെന്നും അതിന്റെ മൂല്യം 400 കോടിയായെന്നുമായിരുന്നു കേന്ദ്രത്തിന്റെ അടുത്ത വാദം. രാജ്യത്തുള്ള ഈ നാനൂറു കോടി കള്ളനോട്ടും അത്ര പ്രധാനപ്പെട്ടൊരു ശതമാനത്തില്‍ ഉള്‍ക്കൊള്ളുന്നില്ലെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു.