ഭുവനേശ്വര്‍: സെല്‍ഫിയെടുക്കുന്നതിനിടെ പുഴയില്‍ വീണ സഞ്ചാരികളായ രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം. ഒഡീഷ രായഗഡ ജില്ലയിലെ നാഗബലി പുഴയിലെ തൂക്കുപാലത്തില്‍നിന്നും ചിത്രമെടുക്കുമ്പോഴായിരുന്നു അപകടം.

ആന്ധ്രപ്രദേശ് വിശാഖപട്ടണം സ്വദേശി ഇ.ജ്യോതി വിസിയനഗരം സ്വദേശി എസ്.ശ്രീദേവി എന്നിവരാണു മരിച്ചത്. പുഴയിലെ പാറ പശ്ചാത്തലമാക്കി തുടര്‍ച്ചയായി സെല്‍ഫി എടുക്കുന്നതിനിടെയാണ് യുവതികള്‍ കാല്‍വഴുതി പുഴയിലേക്കു വീണതെന്നു രായഗഡ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് ആര്‍.കെ.പത്രോ പറഞ്ഞു.

ഒമ്പതംഗ സംഘത്തോടൊപ്പം സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ യുവതികള്‍ക്കാണ് അപകടം സംഭവിച്ചത്. പുഴയില്‍ നിറയെ വെള്ളവും നല്ല ഒഴുക്കുമുണ്ടായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ അഗ്‌നിശമന സേന മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ