ന്യൂഡൽഹി: ലോക്സഭ മാർഷൽമാർ കയ്യേറ്റം ചെയ്തുവെന്ന് കാണിച്ച് കോൺഗ്രസ് വനിത എംപിമാർ സ്പീക്കർ ഓം ബിർലയ്ക്ക് പരാതി നൽകി. കേരളത്തിൽനിന്നുളള എംപിയായ രമ്യ ഹരിദാസ്, തമിഴ്നാട്ടിൽനിന്നുളള ജ്യോതിമണി എന്നിവരാണ് പരാതി നൽകിയത്. സുരക്ഷാ ജീവനക്കാർ ഞങ്ങളെ കയ്യേറ്റം ചെയ്തു. അവിടെ വനിത സുരക്ഷാ ഉദ്യോഗസ്ഥ ഉണ്ടായിരുന്നില്ല. ഞങ്ങൾ അപമാനിക്കപ്പെട്ടുവെന്ന് ജ്യോതിമണി പറഞ്ഞു. പാർലമെന്റിൽ മഹാരാഷ്ട്ര വിഷയത്തെ ചൊല്ലി കോൺഗ്രസ് എംപിമാരും മാർഷൽമാരും തമ്മിൽ ചോദ്യോത്തര വേളയിൽ ഏറ്റുമുട്ടിയിരുന്നു.
”ഞങ്ങളുടെ വനിത എംപിമാരെ മാർഷൽമാർ കയ്യേറ്റം ചെയ്തു. പാർലമെന്റിനകത്ത് ഇതിനു മുൻപൊരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല. ഉത്തരവാദികളായവർക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്ന് അറിയാൻ കാത്തിരിക്കുകയാണ്,” കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി പറഞ്ഞു.
മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ അധികാരത്തിലേറിയതിനെ വിമർശിച്ചുളള പ്ലക്കാർഡുകളുമായാണ് കോൺഗ്രസ് എംപിമാർ ഇന്നു പാർലമെന്റിലെത്തിയത്. ‘ജനാധിപത്യത്തെ കൊല്ലുന്നത് നിർത്തൂ’ എന്നെഴുതിയ ബാനറുമായാണ് കോൺഗ്രസ് എംപിമാരായ ടി.എൻ.പ്രതാപനും ഹൈബി ഈഡനും ലോക്സഭയിലെത്തിയത്. ബാനറുകൾ മാറ്റാൻ സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും ഇരുവരും തയ്യാറായില്ല. തുടർന്ന് ഇരുവരെയും സഭയ്ക്ക് അകത്തുനിന്നും മാറ്റാൻ സ്പീക്കർ മാർഷൽമാർക്ക് നിർദേശം നൽകി. ഇത് കോൺഗ്രസ് എംപിമാരും മാർഷൽമാരും തമ്മിലുളള ഏറ്റുമുട്ടലിനിടയാക്കി.
ടി.എൻ.പ്രതാപനെയും ഹൈബിയെയും ഒരു ദിവസത്തേക്ക് വിലക്കി. സഭയ്ക്ക് അകത്ത് ബാനർ ഉയർത്തി പ്രതിഷേധിച്ചതിനാണ് സ്പീക്കറുടെ നടപടി. ഇതിൽ പ്രതിഷേധിച്ച് ഇരുവരും സഭയ്ക്ക് അകത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.