ബംഗളുരു: ബാനര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ കടുവയുടെ ആക്രമണത്തില്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. ആഞ്ജനേയ(40 വയസ്) ആണ് ഒന്നര വയസ് പ്രായമുള്ള വെള്ളക്കടുവ കുഞ്ഞുങ്ങളുടെ കടിയേറ്റ് മരിച്ചത്. പിടിഐ വാര്‍ത്താ ഏജന്‍സിയാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.

ആഞ്ജനേയയുടെ കഴുത്തിൽ ആണ് കടിയേറ്റത്. ആഞ്ജിയുടെ മാംസം കടുവകൾ ഭക്ഷിച്ചതായും റിപ്പോർട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് കടുവകൾക്കു ഭക്ഷണം നൽകാനായി കൂടിനകത്തേക്കു കയറിയപ്പോഴായിരുന്നു സംഭവം. താത്കാലിക ജീവനക്കാരനായിരുന്ന ആഞ്ജി ഒക്ടോബർ ഒന്നിനാണ് മൃഗശാലയിൽ സ്ഥിരജോലിക്കാരനായി പ്രവേശിച്ചത്.

അഞ്ചുമണി വരെയാണു മൃഗശാലയിൽ പൊതുജനങ്ങൾക്ക് പ്രവേശനം. അതിനുശേഷം കൂടുകളിൽ നിന്നും അവശിഷ്ടങ്ങൾ നീക്കി കൂടു വൃത്തിയാക്കി ഭക്ഷണം നൽകുന്നത് പതിവായിരുന്നു. ആ സമയത്ത് സഫാരി മേഖലയിൽ കടുവകളെ നിർത്തി മറ്റൊരു ഭാഗത്താണ് ഭക്ഷണം എത്തിച്ചിരുന്നത്. എന്നാൽ ആഞ്ജി കയറുമ്പോൾ ഭക്ഷണം നൽകുന്നയിടത്തിനും സഫാരി മേഖലയ്ക്കും ഇടയിലുള്ള മതിലിന്റെ വാതിൽ അടച്ചിരുന്നില്ല.

മറ്റൊരു ജീവനക്കാരനായ ഹച്ചെഗൗഡയ്ക്കൊപ്പം ഭക്ഷണവുമായി അകത്തേക്കു കയറിയപ്പോൾ കടുവക്കുഞ്ഞുങ്ങൾ പാഞ്ഞു വരികയായിരുന്നു. സൗഭാഗ്യ എന്ന കടുവയുടെ കുട്ടികളായ വന്യയും ത്സാൻസിയുമായിരുന്നു ആക്രമിച്ചത്. ഹച്ചെഗൗഡ ഓടി രക്ഷപ്പെടുകയായിരുന്നു.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. സംഭവത്തെപ്പറ്റി മൃഗശാല അധികൃതരും അന്വേഷണം നടത്തുന്നുണ്ട്. കേസന്വേഷണം നടക്കുന്നതിനാൽ കൂടുതലൊന്നും പറയാനാകില്ലെന്ന് മൃഗശാല അധികൃതർ പറഞ്ഞു. രണ്ടു വർഷം മുൻപ് ഇതേ പാർക്കിൽത്തന്നെ സിംഹത്തിന്റെ ആക്രമണത്തിൽ മറ്റൊരു കാവൽക്കാരന് ഗുരുതര പരുക്കേറ്റിരുന്നു. അടുത്തിടെ അഞ്ച് ബംഗാൾ കടുവകൾ ചേർന്ന് ഒരു വെള്ളക്കടുവയെ കൊലപ്പെടുത്തിയ സംഭവവും ഉണ്ടായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook