ന്യൂഡൽഹി: ഹെല്‍മറ്റ് ധരിക്കാതെയും വാഹനം ഓടിക്കാന്‍ ആവശ്യമായ രേഖകള്‍ കൈവശം ഇല്ലാതെയും പൊലീസിന് മുന്‍പില്‍ കുടുങ്ങിയ യുവാവിന് 23,000 രൂപ പിഴ. ഗുരുഗ്രാം സ്വദേശിയായ ദിനേഷ് മദനിനാണ് പൊലീസ് നോട്ടീസ് അയച്ചത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത് ഈ 23,000 രൂപ പിഴയെ കുറിച്ചാണ്. അയാള്‍ വാഹനം വിറ്റ് പിഴ അടയ്‌ക്കേണ്ട അവസ്ഥയാണെന്ന് പലരും അഭിപ്രായപ്പെട്ടു.
ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പേപ്പര്‍, പുക ടെസ്റ്റ് നടത്തിയതിന്റെ രേഖകള്‍ തുടങ്ങിയവയൊന്നും യുവാവിന്റെ കയ്യില്‍ ഇല്ലായിരുന്നു. അതോടൊപ്പം ഹെല്‍മറ്റ് കൂടി ധരിക്കാതെയാണ് ഇയാള്‍ ബൈക്ക് ഓടിച്ചിരുന്നത്. ഇതെല്ലാം ചേര്‍ത്താണ് പിഴ ശിക്ഷയായി 23,000 രൂപയുടെ നോട്ടീസ് അയച്ചിരിക്കുന്നത്.
കിഴക്കന്‍ ഡൽഹിയിലെ ഗീത കോളനിയിലാണ് ദിനേശ് താമസിക്കുന്നത്. ലൈസന്‍സും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമില്ലാത്തതിന് 5,000 രൂപ വീതവും ഇന്‍ഷുറന്‍സ് രേഖയില്ലാത്തതിന് 2,000 രൂപയും മാലിനീകരണ പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 10,000 രൂപയും ഹെല്‍മറ്റ് ധരിക്കാത്തതിന് 1,000 രൂപയുമാണ് പിഴ ഈടാക്കിയത്.നോട്ടീസ് ലഭിച്ചതായി യുവാവ് സ്ഥിരീകരിച്ചു.
Read Also: Explained: എന്താണ് മോട്ടോർ വാഹന ഭേദഗതി ബിൽ? എന്തെല്ലാമാണ് മാറ്റങ്ങൾ
കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി സെപ്റ്റംബർ ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്. സെപ്റ്റംബർ ഒന്നിനുശേഷം നിയമലംഘനങ്ങൾക്കുളള പിഴശിക്ഷ വർധിപ്പിച്ചിട്ടുണ്ട്. 1988-ന് ശേഷം, അപകടങ്ങള്‍ കുറയ്ക്കുന്നതിനും, റോഡ് സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും, ഗതാഗത നിയമങ്ങളും, ചട്ടങ്ങളും കൂടുതല്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനുമായാണ് കേന്ദ്ര സര്‍ക്കാര്‍ നിലവിലുള്ള മോട്ടോര്‍ വാഹന നിയമങ്ങളില്‍ വിവിധ ഭേദഗതികള്‍ കൊണ്ടു വന്നിരിക്കുന്നത്. 30 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ വിപുലമായ ഭേദഗതികള്‍ കൊണ്ടു വന്നിട്ടുള്ളത്.
പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ, മോട്ടോര്‍ വാഹന നിയമഭേദഗതിപ്രകാരമുള്ള ഏതൊരു കുറ്റം ചെയ്താലും വാഹനം നല്‍കിയ മാതാപിതാക്കള്‍ക്ക് / രക്ഷിതാവിന് അഥവാ വാഹന ഉടമയ്ക്ക് 25,000/- രൂപ പിഴയും, 3 വര്‍ഷം തടവും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേയ്ക്ക് റദ്ദാക്കുന്നതുമായിരിക്കും. കൂടാതെ വാഹനം ഓടിച്ച കുട്ടിക്ക് 18 വയസിന് പകരം 25 വയസിനു ശേഷം മാത്രമേ ലൈസന്‍സിന് അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ). തന്റെ അറിവോടെ/സമ്മതത്തോടെയല്ല കുട്ടി കുറ്റം ചെയ്തിട്ടുള്ളതെന്ന് തെളിയിക്കേണ്ട ബാധ്യത രക്ഷിതാവിനാണ്.
വിശദമായ വായനയ്ക്ക്: നിയമഭേദഗതിയിലെ പുതുക്കിയ പിഴശിക്ഷകൾ എത്രയെന്നോ? വായിക്കാം