ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപിക്ക് യാതൊന്നും ചെയ്യാനില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി. രണ്ട് കേന്ദ്രമന്ത്രിമാരാണ് തമിഴ്നാട്ടില്‍ പ്രതിസന്ധി സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്നാട് പ്രശ്നത്തില്‍ പാര്‍ട്ടി പ്രത്യേക നിലപാട് ഉണ്ടോയെന്ന് താന്‍ ചോദിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നാണ് മറുപടി കിട്ടിയത്. കേന്ദ്രത്തോട് ചോദിച്ചപ്പോഴും ഈ ഉത്തരമാണ് തനിക്ക് കിട്ടിയതെന്നും സ്വാമി പറഞ്ഞു.
യാതൊരു ആവശ്യവുമില്ലാതെ തമിഴ്നാട് രാഷ്ട്രീയത്തില്‍ പ്രശ്നം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് രണ്ട് കേന്ദ്രമന്ത്രിമാരാണ്. ശശികലയ്ക്ക് എതിരായ വിധിയില്‍ താന്‍ തൃപ്തനാണെന്നും സ്വാമി പറഞ്ഞു.
സുബ്രഹ്മണ്യന്‍ സ്വാമിയാണ് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്‌ക്കെതിരെ ചെന്നൈയിലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. 1996 ജൂണ്‍ 14 നായിരുന്നു ഇത്. അതേവര്‍ഷം സപ്തംബര്‍ 18 ന് വിജിലന്‍സ് ഈ കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു.
1991-96 കാലയളവില്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കേ 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. വിചാരണക്കോടതി അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാലുവര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് ആദ്യം നാലുപ്രതികള്‍ക്കും വിധിച്ചത്. തുടര്‍ന്നു 1996ല്‍ ജനതാ പാര്‍ട്ടി നേതാവായിരുന്ന സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ സെപ്തംബറില്‍ കോടതിവിധിയുണ്ടാകുകയായിരുന്നു. 18 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു പ്രസ്തുത വിധി വന്നത്.
വിധിക്കെതിരെ ഹൈക്കോടതിയില്‍ ജയലളിത നല്‍കിയ അപ്പീല്‍ അംഗീകരിച്ച് ജയലളിതയും ശശികലയും ഉള്‍പ്പടെ കേസിലെ നാലുപേരെയും കുറ്റവിമുക്തരാക്കിയിരുന്നു. തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ജൂണിലാണ് സുപ്രീംകോടതി വിധി പറയാന്‍ മാറ്റിയതും ഇപ്പോഴത് തമിഴ് രാഷ്ട്രീയത്തിന്റെ തന്നെ വിധിയെഴുത്തിയിരിക്കുന്നു.