മുംബൈ: മഹാരാഷ്ട്രയില്‍ ട്രെയിനിടിച്ച് കടുവക്കുട്ടികള്‍ മരിച്ചു. ചന്ദാ ഫോര്‍ട്ട്-ഗോണ്ടിയ റെയിൽവേ ലൈനിലാണ് അപകടം ഉണ്ടായത്. ആറ് മാസത്തോളം പ്രായമുളള രണ്ട് കടുവക്കുഞ്ഞുങ്ങളാണ് ചത്തത്. എഫ്ഡിസിഎം ചിച്ചപ്പളളി വനമേഖലയിലാണ് അപകടം ഉണ്ടായത്.
റെയിൽവേ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെയോടെയാണ് കടുവകളുടെ ജഡം കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയോടെയാണ് അപകടം ഉണ്ടായത്. ഇടിച്ച ട്രെയിന്‍ നിര്‍ത്തിയില്ല. തുടര്‍ന്ന് മറ്റൊരു ട്രെയിനിന്റെ ഡ്രൈവറാണ് റെയിൽവേയില്‍ വിവരം അറിയിച്ചത്. മുതിര്‍ന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി കടുവകളുടെ മൃതദേഹം റെയിൽവേ പാളത്തില്‍ നിന്നും മാറ്റി.
ഇത് രണ്ടാമത്തെ തവണയാണ് ഇതേ ട്രാക്കില്‍ കടുവക്കുഞ്ഞുങ്ങള്‍ മരിക്കുന്നത്. 2013 ഏപ്രില്‍ 14ന് സമാനമായ അപകടത്തില്‍ ഒരു കടുവക്കുഞ്ഞ് മരിച്ചിരുന്നു. ഒരു കടുവയുടെ മുഖത്തും മറ്റേ കടുവയുടെ ദേഹത്തും ആണ് പരുക്കേറ്റത്. രണ്ടും പെണ്‍കടുവകളാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, ഇവയുടെ അമ്മക്കടുവയെ സ്ഥലത്തെങ്ങും കണ്ടെത്താന്‍ വനംവകുപ്പിനായില്ല. കടുവക്കുഞ്ഞുങ്ങള്‍ക്ക് പരുക്കേറ്റാലോ മരണപ്പെട്ടാലോ പൊതുവെ അമ്മക്കടുവകള്‍ സമീപത്ത് തന്നെ ഉണ്ടാവാറുണ്ട്.