ന്യൂഡല്‍ഹി: രാജ്യത്ത് ആറ് വയസിന് മുകളിലുള്ള മൂന്നില്‍ രണ്ട് പേര്‍ക്കും കോവിഡ് ബാധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഇനിയും 40 കോടിയോളം പേര്‍ക്ക് വൈറസ് ബാധിക്കാമെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു. ദേശീയ തലത്തില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍.
രണ്ടാം തരംഗം ശമിച്ച് തുടങ്ങിയ ജൂണ്‍-ജൂലൈ മാസത്തിലാണ് സര്‍വേ നടത്തിയത്. 28,975 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 67.6 ശതമാനം പേരിലും കോവിഡ് ആന്റിബോഡിസ് കണ്ടെത്തി. ആദ്യമായാണ് ഇത്തരം ഒരു സര്‍വേയിൽ 6-17 വയസിനിടയില്‍ ഉള്ളവരെ ഉള്‍പ്പെടുത്തുന്നത്. പ്രസ്തുത വിഭാഗത്തിലെ പകുതിയോളം പേരിലും ആന്റിബോഡിയുടെ സാന്നിധ്യമുണ്ട്.
ഏറ്റവും പുതിയ സര്‍വേ രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ചതായാണ് കാണിക്കുന്നത്. 2020 ഡിസംബറില്‍ നടത്തിയ സീറോ സര്‍വേയില്‍ 25 ശതമാനം പേരില്‍ മാത്രമായിരുന്നു ആന്റിബോഡി കണ്ടെത്തിയത്. സെപ്റ്റംബറിലെ രണ്ടാം സര്‍വയില്‍ ഇത് 7.1 ഉം മേയ്-ജൂണ്‍ മാസങ്ങളിലെ ആദ്യ ഘട്ടത്തില്‍ 0.7 ശതമാനവുമായിരുന്നു.
നഗര ഗ്രാമ പ്രദേശങ്ങളില്‍ സമാനമായാണ് കണക്കുകള്‍. അതിനാല്‍ രണ്ടാം തരംഗത്തിലെ പോലെയുള്ള തീവ്ര വ്യാപനത്തിന്റെ സാധ്യത കുറയുന്നു. 32 കോടിയിലധികം പേര് ഏതെങ്കിലും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരാണ്.
രോഗം ബാധിച്ചവരും വാക്സിനെടുത്തവരും തമ്മില്‍ ഗണ്യമായ വ്യത്യാസമുണ്ട്. എന്നിരുന്നാലും രാജ്യത്ത് ആറ് വയസിന് മുകളിലുളള 70 ശതമാനം ആളുകളിലും കോവിഡിനെതിരായ പ്രതിരോധ ശേഷി ഉത്പാദിപ്പിച്ചിട്ടുണ്ട്.
വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചാല്‍ മാത്രമാണ് പ്രതിരോധ ശേഷിയെ മറികടക്കാനുള്ള സാധ്യതകള്‍. പക്ഷെ രണ്ടാം തരംഗത്തിന് സമാനമായ വ്യാപനത്തിന്റെ സാധ്യത കുറവാണെന്നാണ് ഐസിഎംആറിന്റെ പഠനം വ്യക്തമാക്കുന്നത്.
എന്നാല്‍ ഇത് ജില്ലകളിലും, സംസ്ഥാനങ്ങളിലും കേസുകള്‍ വര്‍ധിക്കുമെന്നതിന്റെ സാധ്യതകളെ തള്ളിക്കളയുന്നില്ല. രാജ്യത്ത് 40 കോടി പേരില്‍ ഇനിയും വൈറസ് ബാധിക്കാതെയുണ്ട്. ആദ്യ തരംഗത്തിന് സമാനമായതോ അല്ലെങ്കില്‍ കുറവോ ആയിരിക്കും രോഗവ്യാപനമെന്നു മാത്രം.
Also Read: Kappa variant of Covid-19: കോവിഡ്-19 കാപ്പ വകഭേദം: അറിയേണ്ടതെല്ലാം