ന്യൂഡൽഹി: ആംബുലൻസിൽ ഉറങ്ങിക്കിടന്ന രണ്ടുപേർ വെന്തു മരിച്ചു. ഗുരുതരമായി പൊളളലേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിനകത്ത് കത്തിച്ചുവച്ചിരുന്ന കൊതുകുതിരിയിൽനിന്നാണ് തീ പടർന്നതെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ അർധരാത്രി 12 മണിയോടെയായിരുന്നു സംഭവം. ഷെയ്ഖ് സരായ് പ്രദേശത്തെ ഡിഡിഎ പാർക്കിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിൽ ഒന്നിനാണ് തീപിടിച്ചത്. ഇതിനുപിന്നാലെ തൊട്ടടുത്തായി നിർത്തിയിട്ടിരുന്ന മറ്റു രണ്ടും ആംബുലൻസുകളിലേക്ക് കൂടി തീ പടർന്നു. നാലു അഗ്നിശമന യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി ഒന്നര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചതെന്ന് ഡൽഹി അഗ്നിശമനസേന പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

ആംബുലൻസിന്റെ പിൻസീറ്റിൽ ഉറങ്ങിക്കിടന്നിരുന്ന രാഹുൽ (24), ബാബ്‌ലു (24) എന്നിവരാണ് മരിച്ചത്. ഡ്രൈവർ സീറ്റിൽ ഉറങ്ങിക്കിടന്നിരുന്ന സുബോധിന് (26) ഗുരുതര പൊളളലേറ്റുവെന്ന് പൊലീസ് പറഞ്ഞു. 40 ശതമാനം പൊളളലേറ്റ സുബോധിനെ സാഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊതുകിനെ തുരത്താനായി ആംബുലൻസിൽ കൊതുകുതിരി കത്തിച്ചുവച്ചിരുന്നുവെന്നും ശക്തമായ കാറ്റിൽ തീ ആളിപ്പടർന്നുവെന്നും സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ആംബുലൻസ് ഡ്രൈവർ ദിപു പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ