Rebuilding Kerala: ഒരുപക്ഷേ ഇന്ത്യയുടെ,​ എന്നല്ല, ലോകചരിത്രത്തിലാദ്യമായിട്ടായിരിക്കാം പരമോന്നത കോടതിയിലെ ജഡ്ജിമാർ മാനവികമായ നൈതികത ഉയർത്തി പിടിച്ച് അതിന്റെ ഗായകരായി മാറിയത്. ഇന്ത്യയുടെ പമോന്നത നീതിപീഠമായ സുപ്രീം കോടതിയിലെ സഹപ്രവർത്തകരെ സാക്ഷി നിർത്തിയാണ് രണ്ട് ജഡ്ജിമാർ കേരളത്തിനായി ഗാനമാലപിച്ചത്.

അതിജീവിനത്തിനായി പോരാട്ടം നടത്തുന്ന ഒരു ജനതയോട് നൈതിക ബോധംകൊണ്ടും സർഗാത്മക ശേഷി കൊണ്ടും ഐക്യപ്പെട്ട നീതിപീഠത്തിന്റെ കാവലാളുകൾ അവരുടെ സ്നേഹസംഗീതമാണ് കേരളത്തിനായി ആലപിച്ചത്.

പ്രളയദുരന്തത്തെ നേരിടുന്ന കേരളത്തെ സഹായിക്കാനുളള ധനശേഖരണാർത്ഥം നടത്തിയ പരിപാടിയിലാണ് സുപ്രീം കോടതിയിലെ മലയാളി ജഡ്ജിമാരായ കുര്യൻ ജോസഫും കെ എം ജോസഫും ഗായകരായത്.

‘വീ ഷാൽ ഓവർകം’, ‘ഹം ഹോംഗേ കാംയാബ്’ എന്നീ ഗാനങ്ങൾ പിന്നണി ഗായകനായ മൊഹിത് ചൗഹാനൊപ്പം പാടി ജസ്റ്റിസ് കുര്യൻ ജോസഫാണ് പരിപാടി അവസാനിപ്പിച്ചത്.

ഹിന്ദി, മലയാളം പാട്ടുകൾ പാടി കേൾവിക്കാരെ വികാരത്തിലാഴ്ത്തിയ ജസ്റ്റിസ് കെ എം ജോസഫ് വൻ കൈയ്യടിയും നേടി. പ്രളയക്കെടുത്തിയിൽ കേരളത്തെ ജീവിതത്തിന്റെ കരയ്ക്ക്ടുപ്പിച്ച മത്സ്യത്തൊഴിലാളികളെ ഓർത്തായിരിക്കണം കെ എം ജോസഫിന്റെ ആദ്യഗാനം മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്ന ‘അമരം’ എന്ന മലയാള ചലച്ചിത്രത്തിൽ​നിന്നുളള ‘വികാര നൗകയിൽ’​എന്നതായിരുന്നു. ‘മധുബൻ ഖുശ്ബു ദേത്താ ഹൈ’ അയിരുന്നു മലയാളത്തിന്റെ ശീലിൽ അദ്ദേഹം പാടി ആദ്യ ഹിന്ദി ഗാനം.

ബോളിവുഡ് പിന്നണി ഗായകനായ മൊഹിത് ചൗഹാൻ ഒരു ഹിന്ദി ഗാനവും ഒരു ഹിമാചൽ ഗാനവും പാടി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുഖ്യാതിഥിയായിരുന്നു. സുപ്രീം കോടതിയിലെ ജഡ്ജിമാരായ മഥൻ ബി ലോക്കൂർ, എ കെ സിക്രി, എ എം ഖാൻവിൽക്കർ, ദീപക് ഗുപ്ത, ഡി വൈ ചന്ദ്രചൂഢ്, ഡൽഹി ഹൈക്കോടതിയിലെ ജഡ്ജിയായ സി. ഹരിശങ്കർ എന്നിവരും ഈ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

സുപ്രീം കോടതി റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ മുൻകൈയിലാണ് ഈ​ പരിപാടി നടന്നത്. ഇന്ത്യൻ സൊസൈറ്റി ഓഫ് ഇന്റർനാഷണൽ ലോ യുടെ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. രണ്ട് മണിക്കൂർ നീണ്ട പരിപാടിക്ക് ശേഷം കേരളത്തെ സഹായിക്കാനുളള ധനശേഖരണവും നടന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സുപ്രീം കോടതി ജഡ്ജിമാർ കേരളത്തിനെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook