മ്യാന്മറിലെ റോഹിങ്ക്യൻ വംശജരുടെ കൂട്ടകൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുന്ന രണ്ട് മാധ്യമപ്രവർത്തകർക്ക്
മ്യാന്മർ കോടതി തടവ് ശിക്ഷ വിധിച്ചു. പ്രമുഖ മാധ്യമ ഏജൻസിയായ റോയിറ്റേഴ്സിലെ ജീവനക്കാരായ ക്യവ് സോ ഊ വിനും വാ ലോണിനുമാണ് കോടതി ഏഴ് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഔദ്യോഗിക രേഖകൾ നിയമവിരുദ്ധമായി കൈവശം വെച്ചതിനാണ് ഇരുവർക്കുമെതിരെ കോടതി നടപടി.
സെപ്റ്റംബർ രണ്ടിന് നടന്ന റോഹിങ്ക്യൻ വംശജരുടെ കൂട്ടക്കൊല റിപ്പോർട്ട് ചെയ്യുമ്പോഴായിരുന്നു ഇരുവരും അറസ്റ്റിലാകുന്നത്. പത്തോളം റോഹിങ്ക്യൻ വംശജരെയാണ് ബുദ്ധ ഗ്രാമീണരും സൈന്യവും ചേർന്ന് കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്.
ഇന്ന് മ്യാന്മറിനും റോയിറ്റേഴ്സ് മാധ്യമപ്രവത്തകർക്കും മാത്രമല്ല ലോകത്തെമ്പാടുമുള്ള മാധ്യമപ്രവർത്തകർക്കും ദുഖത്തിന്റെ ദിനമാണെന്ന് റോയ്റ്റേഴ്സ് ചീഫ് എഡിറ്റർ സ്റ്റീഫൻ അട്ലലർ പറഞ്ഞു. റോഹിങ്ക്യൻ വംശജരുടെ കൊലപാതകങ്ങൾ അന്വേഷിക്കുന്നതിനിടയിലാണ് ഇരുവരും അറസ്റ്റിലാകുന്നതെന്നും സ്ഥാപനം സ്ഥിരീകരിച്ചിട്ടുണ്ട്. മ്യാന്മർ സംസ്ഥാനമായ റാഖിനിലാണ് കഴിഞ്ഞ ദിവസം പത്തോളം റോഹിങ്ക്യൻ വംശജരെ ബുദ്ധ ഗ്രാമീണരും സൈന്യവും ചേർന്ന് കൊലപ്പെടുത്തിയത്.
മാധ്യമപ്രവർത്തകരെ മനപൂർവ്വം കെണിയിൽ പെടുത്തുകയായിരുന്നെന്നാണ് അവർ കോടതിയെ ബോധിപ്പിച്ചത്. അവരെ കേസിൽപ്പെടുത്താൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഔദ്യോഗിക രേഖകൾ കൈമാറുകയായിരുന്നു. റോഹിങ്ക്യൻ കൂട്ടക്കൊല റിപ്പോർട്ട് ചെയ്യാൻ മാധ്യമധർമ്മം വെടിഞ്ഞ് പ്രവർത്തിച്ചിട്ടില്ലെന്നും അവർ കോടതിയെ അറിയിച്ചെങ്കിലും കോടതി ശിക്ഷ വിധിക്കുകയായിരുന്നു.