കാൺപൂർ: എട്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസില്‍ ഉത്തര്‍പ്രദേശ് പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് വികാസ് ദുബെ അറസ്റ്റില്‍. വ്യാഴാഴ്ച രാവിലെയാണ് മധ്യപ്രദേശിലെ ഉജ്ജൈനിലെ പ്രശസ്തമായ മഹാകാല്‍ ക്ഷേത്രത്തില്‍ വച്ച് ഇയാള്‍ അറസ്റ്റിലായത്.
അതേസമയം വികാസ് ദുബെയുടെ രണ്ട് അനുയായികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. പൊലീസ് കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാർത്തികേയ എന്ന പ്രഭാതിനെ കാൺപൂരിൽ വെടിവച്ചു കൊലപ്പെടുത്തി. വികാസ് ദുബെയുടെ മറ്റൊരു സഹായി പ്രവീൺ എന്ന ബൊവ്വ ദുബെ ഇറ്റാവയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
വികാസ് ദുബെ ഹരിയാനയിലെ ഫരീദാബാദിലുണ്ട് എന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. ഇവിടെ വച്ചാണ് പ്രഭാതിനെ പിടികൂടിയത്.
പൊലീസ് ഉദ്യോഗസ്ഥന്റെ കൈയില്‍ നിന്നും പിസ്റ്റള്‍ തട്ടിയെടുത്ത പ്രഭാത് ഇവര്‍ക്കു നേരെ വെടിവച്ചു രക്ഷപെടാന്‍ ശ്രമിച്ചു. പൊലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ പ്രഭാതിന്റെ കാലിന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരുക്ക് ഗുരുതരമായിരുന്നതിനാല്‍ മരണം സംഭവിക്കുകയായിരുന്നു.
Read More: ഉത്തർപ്രദേശിൽ എട്ട് പൊലീസുകാർ അക്രമികളുടെ വെടിയേറ്റ് മരിച്ചു
ബുധനാഴ്ച ഫരീദാബാദിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്ന് കാർത്തികേയ, അങ്കൂർ, ശ്രാവൺ എന്നിവരെ അറസ്റ്റ് ചെയ്തു. നാല് പിസ്റ്റളും ഒരു ഡബിള്‍ ബാരല്‍ ഗണ്ണും നിരവധി വെടിയുണ്ടകളും പൊലീസ് ഇവരില്‍ നിന്നും കണ്ടെത്തി.
എട്ടു പൊലീസ് ഉദ്യോഗസ്ഥരെ ദാരുണമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് വികാസ് ദുബെ. ഒരാഴ്ച മുൻപാണ് ഉത്തർപ്രദേശിലെ കാൺപൂരിൽ വികാസ് ദുബെയെ അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ അക്രമികൾ വെടിയുതിർക്കുകയും, തുടർന്ന് ഡെപ്യൂട്ടി സൂപ്രണ്ടും മൂന്ന് സബ് ഇൻസ്പെക്ടർമാരും ഉൾപ്പെടെ എട്ട് പൊലീസുകാർ കൊല്ലപ്പെടുകയും ചെയ്തത്.
കൊലപാതക ശ്രമ കേസില്‍ പ്രതിയായ വികാസ് ദുബെയെ അറസ്റ്റ് ചെയ്യാനായി പൊലീസ് സംഘം ചൗബേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിക്കാരു ഗ്രാമത്തിൽ എത്തിയപ്പോഴാണ് സംഭവം. പൊലീസ് സംഘം വികാസിന്റെ വസതിയിലെത്തിയതിന് പിന്നാലെ അക്രമികൾ അവരെ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്യുകയായിരുന്നു. 50 ഓളം കേസുകളില്‍ ദുബെ പ്രതിയാണ്.
Rea More: Vikas Dubey, accused of killing 8 policemen in Kanpur, arrested in MP’s Ujjain