ഗോവ: ഗോവയിലെ ശ്രീമാഗുയേഷി ക്ഷേത്രത്തിലെ പൂജാരി  ക്ഷേത്രാങ്കണത്തിൽ വച്ച്  തങ്ങളെ ലൈംഗികമായി ആക്രമിച്ചതായി മുംബൈ സ്വദേശികളായ രണ്ട് യുവതികൾ ആരോപിച്ചു. രണ്ട് വ്യത്യസ്ത ദിവസങ്ങളിലായാണ് ഈ​ സംഭവം നടന്നിട്ടുളളത്. ഈ​ ആരോപണം ഉന്നയിച്ച് ഇരുവരും ക്ഷേത്ര മാനേജ്മെന്റിന് കത്ത് അയച്ചു. ശ്രീമാഗുയേഷി ക്ഷേത്രം ഗോവയിലെ ഏറെ പ്രശസ്തവും ആദരണീയവുമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്.

യുവതികൾ രണ്ട് പേരും ക്ഷേത്ര മാനേജ്മെന്റിന് ഇത് സംബന്ധിച്ച് രണ്ട് പ്രത്യേക കത്തുകൾ നൽകിയിട്ടുണ്ട്. അതിൽ പൂജാരി ക്ഷേത്രപരിസരത്ത് വച്ച് തങ്ങളെ ബലമായി  ആലിംഗനം ചെയ്തുവെന്നും ചുംബിച്ചുവെന്നും പറയുന്നു. ഇരുവരും രക്ഷിതാക്കൾക്കൊപ്പം ക്ഷേത്രദർശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവമെന്നും കത്തിൽ പറയുന്നു. ആദ്യ സംഭവം നടന്നത് ജൂൺ 14 നും രണ്ടാമത്തെ സംഭവം ജൂൺ 22 നും ആണ് നടന്നത്.

രണ്ട് കത്തുകളും ലഭിച്ചതായി. ക്ഷേത്രമാനേജ്മെന്റ് സെക്രട്ടറി അനിൽ​ കേംഗ്രേ പറഞ്ഞു. ഇത്  സംബന്ധിച്ച് നിയമപരമായ അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് രണ്ടാമത്തെ കത്തുമായി ബന്ധപ്പെട്ട മറുപടിയിൽ വ്യക്തമാക്കി.

നിലവിൽ പൂജാരിയെ വിശ്വാസപരമായ കാര്യങ്ങൾ നിർവ്വഹിക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടില്ലെന്ന് അനിൽ കേംഗ്രേ പറഞ്ഞു. എക്‌സ്‌പ്രസ് ആരോപണവിധേയനായ പൂജാരിയെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹത്തെ കാണാനോ സംസാരിക്കാനോ സാധിച്ചില്ല.

ആദ്യ സംഭവത്തിലെ പരാതിയിൽ​പറയുന്നത് ഇങ്ങനെയാണ്: “രക്ഷിതാക്കൾക്ക് പിന്നാലെ ഉളള ശ്രീകോവിലിൽ കയറാൻ പോയ തന്നെ തടഞ്ഞു.  ഹ്രസ്വ സംഭാഷണത്തിന് ശേഷം  പൂജാരിയുടെ പാദങ്ങളിൽ ആദരപൂർവ്വം നമസ്കരിച്ചപ്പോൾ തന്നെ തോളിൽ പിടിച്ച് അദ്ദേഹം  ചേർത്ത് പിടിക്കുകയായിരുന്നു,” പരാതിയിൽ പറയുന്നു.

“അയാൾ എന്നെ മുറുകെ പിടിച്ചു. എനിക്ക് അനങ്ങാൻ പോലും സാധിച്ചില്ല. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നതിന് മുമ്പ് അയാൾ എന്നെ ചുംബിച്ചു. പവിത്രമായ സ്ഥലത്ത് വച്ചാണ് പൂജാരി തന്നെ ​ചുംബിച്ചത്.  പവിത്രമായ ഒരിടത്ത് വച്ചാണ്  ആദരണീയനായ പൂജാരിയെ പോലെ ഒരാൾ ഇത് ചെയ്തത്. ലൈംഗിക ആക്രമണം  ഇതുപോലിരിടത്ത്  പ്രതീക്ഷിക്കുന്ന അവസാന കാര്യമാണെന്നും” അവർ പരാതിയിൽ പറയുന്നു.

തനിക്കെതിരെ ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ഫുട്ടേജുകൾ തെളിവിനായി നോക്കണമെന്നും അവർ പരാതിയിൽ​ ആവശ്യപ്പെടുന്നു. ഏതൊക്കെ ക്യാമറകളാണ് പരിശോധിക്കേണ്ടതെന്നും അവർ കത്തിൽ വ്യക്തമാക്കി. ഈ കത്ത് ഗോവയിൽ വ്യാപകമായി പ്രചരിച്ചു കഴിഞ്ഞു.

യുഎസ്സിൽ മെഡിസിന് പഠിക്കുന്ന വിദ്യാർത്ഥിനിയാണ് രണ്ടാമത്തെ പരാതിക്കാരി. ലോക്കർ ഏരിയയിൽ വച്ച് തന്നെ പൂജാരി ലൈംഗികമായി ആക്രമിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. പൂജാരി തോളിൽ പിടിച്ച് തന്നെ ബലമായി ചുംബിച്ചുവെന്നാണ് രണ്ടാമത്തെ പരാതിയിൽ പറയുന്നത്.

എന്നെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്ത പൂജാരിയുടെ നടപടി തനിക്ക് കടുത്ത ആഘാതമേൽപ്പിച്ചു. സംഭവമറിഞ്ഞ യുവതിയുടെ രക്ഷിതാക്കൾ പൂജാരിയോട് ഇതേ കുറിച്ച് ചോദിച്ചപ്പോൾ കുടുംബസുഹൃത്തുക്കളായി കരുതിയാണ് ഇത് ചെയ്തതെന്നായിരുന്നു പൂജാരിയുടെ മറുപടിയെന്നും കത്തിൽ പറയുന്നു.

ഇത് തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നായിരുന്നു ക്ഷേത്രമാനേജ്മെന്റ് സെക്രട്ടറി അനിൽ കേംഗ്രേ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വ്യക്തമാക്കിയത്. ആ കത്തുകളുകളെ കുറിച്ച്  ഞങ്ങൾക്ക് പറയേണ്ട കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞു. ആ വിഷയം ഞങ്ങളെ സംബന്ധിച്ച് കഴിഞ്ഞു.

ഈ പരാതികളിൽ പറയുന്ന ആരോപണവിധേയനെതിരെ എന്തെങ്കിലും നടപടി എടുത്തോ എന്ന ചോദ്യത്തിന് ഇപ്പോഴന്തെങ്കിലും പറയുന്നത് കോടതിയലക്ഷ്യമാകും, ഞങ്ങൾക്ക് ഒന്നും പറയാനില്ല എന്നുമായിരുന്നു സെക്രട്ടറിയുടെ മറുപടി.

രണ്ടാമത്തെ പരാതിക്കാരിയും ക്ഷേത്ര മാനേജ്മെന്റിനോട് സിസിടിവി ഫുട്ടേജ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാമത്തെ പരാതിക്കാരിയുടെ കത്തിൽ ലൈംഗിക ആക്രമണത്തിന് വഴിയൊരുക്കുന്ന മറ്റ് ചില വിഷയങ്ങളിലേയ്ക്ക് കൂടെ അവർ അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. മാഗുയേശി കുലദേവതയായ കുടുംബങ്ങളിലെ അവിവാഹിതകളെ ശ്രീകോവിലിൽ കടക്കുന്നത് തടഞ്ഞിട്ടുണ്ട്. ഒപ്പം വരുന്ന കുടുംബത്തിലെ മറ്റുളളവർ അകത്ത് പൂജയും മറ്റ് ആചാരങ്ങളും നടത്തുമ്പോൾ പുറത്തിരിക്കുകയായിരിക്കും. ഈ കാലത്ത് ഇത് കാലഹരണപ്പെട്ട ഒരു ആചാരമാണ്, മാത്രമല്ല, നിയമത്തിനെതിരുമാണ്. ഈ രീതി കാരണം, രക്ഷിതാക്കളിൽ നിന്നും മാറിയിരിക്കേണ്ടിവരുന്ന നിരവധി പെൺകുട്ടികളും യുവതികളും ലൈംഗിക അതിക്രമത്തിന് ഇരയാകാനുളള സാധ്യത കൂടുതലാണെന്നും പരാതിക്കാരി കത്തിൽ പറയുന്നു.

രണ്ടാമത്തെ പരാതിക്കാരിയുടെ കത്തിൽ ക്ഷേത്രമാനേജ്മെന്റിന് വേണ്ടി സെക്രട്ടറി എഴുതിയ കത്തിൽ ജൂലൈ നാലിന് ഇത് സംബന്ധിച്ച അടിയന്തര യോഗം ചേർന്നുവെന്നും ആരോപണവിധേയനായ പൂജാരിക്കെതിരെ പ്രാഥമിക അന്വേഷണം നടത്തി.​ എന്നാൽ അന്വേഷണത്തിനിടയിൽ​ പ്രഥമദൃഷ്ടാ കേസിനുളള തെളിവൊന്നും കണ്ടെത്താൻ ആയില്ല. ഇതിനാൽ കമ്മിറ്റിക്ക് കൂടുതൽ അന്വേഷണത്തിനുളള​സാധ്യതയില്ല. അതനാൽ പരാതി പരിഹാരത്തിന് ഉചിതമായ അധികാര കേന്ദ്രങ്ങളെ സമീപിക്കാനും പരാതിക്കാരിക്കുളള മറുപടിയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook