ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശില്‍ തെലുങ്ക് ദേശം പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ നാല് രാജ്യസഭാ എംപിമാരില്‍ രണ്ട് പേര്‍ സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരില്‍ അന്വേഷണം നേരിടുന്നവര്‍. ടിഡിപി ബന്ധം ഉപേക്ഷിച്ച് ബിജെപിയിലെത്തിയ നാല് രാജ്യസഭാ അംഗങ്ങളില്‍ സി.എം.രമേഷ്, വൈ.എസ്.ചൗധരി എന്നീ രണ്ട് എംപിമാരാണ് ആദായ നികുതി വകുപ്പ്, സിബിഐ, ഇഡി എന്നീ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ളത്. ഇവര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ട്.
സിബിഐ ഡയറക്ടറായിരുന്ന അലോക് വർമ്മയും സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ സി.എം.രമേഷിന്റെ പേര് പലതവണ ഉയര്‍ന്നുവന്നിരുന്നു. രമേഷുമായി ബന്ധമുള്ള കമ്പനിക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണമാണ് ഉയര്‍ന്നുവന്നത്. ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ സിബിഐയുടെയും ഇഡിയുടെയും നിരീക്ഷണത്തിലാണ് ചൗധരി.
Read Also: ‘ശബരിമലയില്‍ ഓര്‍ഡിനന്‍സോ?’; കടമ്പകള്‍ ഏറെയുണ്ടെന്ന് ബിജെപി
കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരോപണ വിധേയരായ രണ്ട് എംപിമാരെയും ‘ആന്ധ്രാ മല്യമാര്‍’ എന്ന് ബിജെപി വക്താവും എംപിയുമായ ജി.വി.എല്‍.നരസിംഹ വിശേഷിപ്പിച്ചിട്ടുണ്ട്. ബിജെപിയില്‍ നിന്ന് ഇത്തരം ഒരു ആരോപണം നേരിട്ട എംപിമാരാണ് ഇന്ന് ബിജെപിക്കൊപ്പം കൂട്ടുകൂടിയിരിക്കുന്നത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബിജെപി കഴിഞ്ഞ വര്‍ഷം രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ രമേഷുമായി ബന്ധപ്പെട്ട കമ്പനി 100 കോടി രൂപയുടെ സംശയകരമായ രീതിയിലുള്ള ഇടപാട് നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഒക്ടോബര്‍ 12 ന് കമ്പനിയുടെ ഹൈദരാബാദിലെ ഓഫീസിലും കടപ്പയിലെ വസതിയിലും റെയ്ഡ് നടത്തിയിരുന്നു.
ചൗധരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി കേസെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ 315 കോടിയുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തു.