ന്യൂഡല്‍ഹി/തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പേർക്കു കൂടി ഒമിക്രോൺ കോവിഡ് വകഭേദം സ്ഥിരീകരിച്ചു. യുഎഇയില്‍നിന്ന് എറണാകുളത്ത് എത്തിയ ഭര്‍ത്താവി(68)നും ഭാര്യ(67)യ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം ഏഴായി ഉയർന്നു.
എട്ടിനു ഷാര്‍ജയില്‍നിന്നുള്ള വിമാനത്തിലാണ് ദമ്പതികളെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം യുഎഇയെ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഇരുവരും 11, 12 തിയതികളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഭര്‍ത്താവിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ആറു പേരും ഭാര്യയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഒരാളുമാണുള്ളത്. 54 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കും.
എറണാകുളത്ത് യുകെയില്‍നിന്ന് എത്തിയ ആള്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള ഭാര്യ, ഭാര്യാ മാതാവ്, എറണാകുളത്ത് കോംഗോയില്‍നിന്നു വന്നയാള്‍, തിരുവനന്തപുരത്തെ യുവതി എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
Also Read: 3471 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 22 മരണം
കോംഗോയില്‍നിന്നു വന്നയാള്‍ സ്വയം നിരീക്ഷണത്തില്‍ കഴിയാതെ പുറത്തിറങ്ങി നടന്നത് ഏറെ വിവാദമായിരുന്നു. ഷോപ്പിങ് മാളും ആശുപത്രികളും റസ്റ്റോറന്റും സന്ദര്‍ശിച്ച ഇയാളുടെ സമ്പര്‍ക്കപ്പട്ടിക താരതമ്യേന വലുതാണ്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.
ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍നിന്നു വന്ന മൂന്നു പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇത്തരം രാജ്യങ്ങളിൽനിന്നു വരുന്നവർ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. ഇവര്‍ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങള്‍ സന്ദര്‍ശിക്കുകയോ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളില്‍ സംബന്ധിക്കാനോ പാടില്ലെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ഒമിക്രോണ്‍ കോവിഡ് കേസുകളുടെ എണ്ണം നൂറ് കടന്നു. 11 സംസ്ഥാനങ്ങളിലായി 101 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
”91 രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഡെല്‍റ്റ വ്യാപനം കുറവായിരുന്ന ദക്ഷിണാഫ്രിക്കയില്‍ അതിനേക്കാള്‍ വേഗത്തിലാണ് ഒമിക്രോണ്‍ പടരുന്നതെന്നാണു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നത്. സാമൂഹ്യവ്യാപനം സംഭവിക്കുന്നതില്‍ ഡെല്‍റ്റ വകഭേദത്തെ ഒമിക്രോണ്‍ മറികടക്കാന്‍ സാധ്യതയുണ്ടെന്നും ഡബ്ല്യുഎച്ച്ഒ കൂട്ടിച്ചേര്‍ക്കുന്നു,”ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Also Read: ഒമിക്രോണ്‍: എറണാകുളത്ത് രാജ്യാന്തര യാത്രക്കാരുടെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി
കോവിഡ് പ്രതിരോധത്തില്‍ ജാഗ്രത കുറയ്ക്കുന്നതിനെതിരെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയരക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ മുന്നറിയിപ്പ് നല്‍കി. അനിവാര്യമായ യാത്രകള്‍, വലിയ കൂടിച്ചേരലുകള്‍ എന്നിവ ഒഴിവാക്കാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ പുതുതായി 10 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 20 ആയി. ഇതില്‍ 10 പേരെ ഡിസ്ചാര്‍ജ് ചെയ്തതായി സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. 40 പേരില്‍ ഒമിക്രോണ്‍ സംശയിക്കുന്നു. ഇതില്‍ 38 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്്. ഇവര്‍ക്കാര്‍ക്കും ഗുരുതരമായ രോഗലക്ഷണങ്ങളില്ല.
ഇന്നു രാവിലെ എട്ടിനു ലഭ്യമായ കണക്കുകള്‍ പ്രകാരം പുതുതായി 7,447 പേര്‍ക്കാണു രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്്. മൊത്തം എണ്ണം 3,47,26,049 ആയി ഉയര്‍ന്നു. അതേസമയം, സജീവ കേസുകള്‍ 86,415 ആയി കുറഞ്ഞു. 391 മരണങ്ങളാണു പുതുതായി സ്ഥികരീകരിച്ചത്. ആകെ മരണസംഖ്യ 4,76,869 ആയി ഉയര്‍ന്നു.