ജയ്പൂര്‍: രാജസ്ഥാനില്‍ പന്നിപ്പനി ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 88 ആയി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പന്നിപ്പനി പടര്‍ന്നു പിടിക്കുകയാണ്. ജോധ്പൂര്‍ ജില്ലയിലാണ് ഏറ്റവുമധികം പേര്‍ മരിച്ചത്.
2019 ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി അഞ്ചു വരെയുള്ള കണക്കുകള്‍ പ്രകാരം 88 പേരാണ് സംസ്ഥാനത്ത് പന്നിപനി ബാധിച്ച് മരിച്ചത്. ജോധ്പൂര്‍ ജില്ലയില്‍ മാത്രം മരിച്ചത് 26 പേരാണ്. 11,811 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2,522 പേര്‍ക്കാണ് പനിബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.
ജയ്പൂര്‍, ജോധ്പൂര്‍, ഉയ്പൂര്‍, ബിക്കാനീര്‍, അജ്മീര്‍ ജില്ലകളില്‍ തിങ്കളാഴ്ച ആരംഭിച്ച ആറ് ദിവസത്തെ സ്‌ക്രീനിങ് ക്യാമ്പില്‍ 9.58 ലക്ഷം ആളുകളെയാണ് പരിശോധിച്ചത്. ഇതില്‍ 32,540 പേര്‍ക്ക് പന്നിപ്പനി സ്ഥീരീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആദ്യദിവസം മാത്രം ഏഴ് ലക്ഷത്തിലധികം ആളുകളില്‍ പരിശോധന നടത്തി. ഉയര്‍ന്ന അപകടസാധ്യത ഉള്ളവരില്‍ ചികിത്സ ആരംഭിച്ചു കഴിഞ്ഞു.
‘ആളുകള്‍ സമയത്ത് തന്നെ ഡോക്ടറുടെ സഹായം തേടുകയാണെങ്കില്‍ ചികിത്സ സാധ്യമാണ്. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഞങ്ങള്‍ നടത്തിയിരിക്കുന്നത്. സ്‌കൂളുകളുമായും അംഗന്‍വാടികളുമായും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്,’ രാജസ്ഥാന്‍ ആരോഗ്യവകുപ്പ് മന്ത്രി ഡോക്ടര്‍ രഘു ശര്‍മ്മ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
2017-2018 വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് 500ല്‍ അധികം ആളുകള്‍ പന്നിപ്പനി ബാധിച്ച് മരിച്ചതായി നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരോപിക്കുന്നു.