ബെഗളൂരു: കര്‍ണാടകയിലെ ഭരണപ്രതിസന്ധി തുടരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും എംഎല്‍എമാരുടെ രാജി. രണ്ട് എംഎല്‍എമാരാണ് ഇപ്പോള്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. കര്‍ണാടകയിലെ മന്ത്രിയായ കോണ്‍ഗ്രസ് നേതാവ് എംടിബി നാഗരാജ്, കോണ്‍ഗ്രസ് എംഎല്‍എ സുധാകര്‍ എന്നിവരാണ് എംഎല്‍എ സ്ഥാനം രാജിവച്ചിരിക്കുന്നത്. സ്പീക്കര്‍ രമേശ് കുമാറിന് ഇവര്‍ നേരിട്ടെത്തി രാജിക്കത്ത് കൈമാറി. രാജിവച്ച രണ്ട് എംഎല്‍എമാരും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. ഇതോടെ ഭരണപക്ഷത്തുനിന്ന് രാജിവച്ച എംഎല്‍എമാരുടെ എണ്ണം 15 ആയി. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുത്ത ബന്ധമുള്ളവരാണ് രാജിവച്ച രണ്ട് എംഎല്‍എമാരും.
നേരത്തെ രാജിവച്ച വിമത എംഎൽഎമാർ ഇപ്പോൾ മുംബെെയിലെ ഹോട്ടലിലാണ് ഉള്ളത്. വിമതരെ അനുനയിപ്പിക്കാൻ മുംബെെയിലെത്തിയ കർണാടകയിലെ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി.കെ.ശിവകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. മടങ്ങിപ്പോകണമെന്ന പൊലീസിന്റെ ആവശ്യം അംഗീകരിക്കാതെ റിനൈസൻസ് ഹോട്ടലിന് മുന്നിൽ തങ്ങിയതിനാണ് ശിവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ശിവകുമാർ ഭീഷണിപ്പെടുത്തിയതായി വിമത എംഎൽഎമാർ നേരത്തെ പരാതി നൽകിയിരുന്നു. ഭീഷണിയുണ്ടെന്ന് ആരോപിച്ച് വിമത എംഎല്‍എമാര്‍ മുംബൈ പൊലീസിനാണ് പരാതി നൽകിയത്.
വിമത എംഎൽഎമാരെ കാണാനായി ഇന്ന് രാവിലെയാണ് ശിവകുമാർ മുംബൈയിലെ ഹോട്ടലിൽ എത്തിയത്. എന്നാൽ ഹോട്ടലിൽ പ്രവേശിക്കാനോ വിമതരുമായി കൂടിക്കാഴ്ച നടത്താനോ പൊലീസ് അദ്ദേഹത്തെ അനുവദിച്ചില്ല. ഹോട്ടലിന് മുന്നിൽ വൻ സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. എംഎൽഎമാർ താമസിക്കുന്ന റിനൈസൻസ് ഹോട്ടലിന് മുന്നിലെത്തിയ ശിവകുമാറിനെതിരെ പ്രതിഷേധവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം എംഎൽഎമാരെ കണ്ടേ മടങ്ങൂ എന്ന് ഡി.കെ ശിവകുമാർ വ്യക്തമാക്കി. താൻ ഹോട്ടലിൽ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും അതിനാൽ അകത്ത് പ്രവേശിക്കാൻ തന്നെ അനുവദിക്കണം എന്നും ശിവകുമാർ ആവശ്യപ്പെട്ടു.
കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് ബിജെപി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കണ്ടു. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വിമതരുടെ രാജി സ്വീകരിക്കുന്നത് നീട്ടിയ സ്പീക്കറുടെ നടപടിയും ബിജെപി ചോദ്യം ചെയ്യുന്നുണ്ട്. ഇന്ന് വൈകിട്ട് സ്പീക്കറെ പാര്‍ട്ടി എംഎല്‍എമാരുടെ സംഘം കാണും. രാവിലെ വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം ബിജെപിയുടെ നീക്കങ്ങളാണെന്ന് കോണ്‍ഗ്രസ് ലോക്സഭയില്‍ പറഞ്ഞിരുന്നു. ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്നും ജനാധിപത്യ വ്യവസ്ഥയെ പണം കൊണ്ട് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് ലോക്സഭയില്‍ ആരോപിച്ചു. ശൂന്യവേളയിലാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആരോപണം ഉന്നയിച്ചത്. വിഷയം ശൂന്യവേളയില്‍ ചര്‍ച്ചയ്ക്കെടുക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. സ്വതന്ത്ര എംഎല്‍എമാരെ രാജിവയ്പിച്ച് അധികാരം പിടിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് എംപിമാര്‍ പറഞ്ഞു.