കറാച്ചി: പാകിസ്ഥാനിൽ കാണാതായ രണ്ട് ഇന്ത്യൻ മുസ്ലീം പുരോഹിതരെയും കണ്ടെത്തിയതായി സൂചന. തിങ്കളാഴ്ച ഇവരെ ഇന്ത്യയിലേക്ക് തിരികെ അയക്കുമെന്ന് പാക് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹി നിസാമുദ്ദീൻ ദർഗയിലെ മുഖ്യ പുരോഹിതൻ സയ്യിദ് ആസിഫ് അലി നിസാമി (80), അനന്തരവൻ നസീം നിസാമി (60) എന്നിവരെയാണ് മൂന്ന് ദിവസത്തിനുശേഷം കണ്ടെത്തിയിരിക്കുന്നത്.
മാർച്ച് എട്ടിനാണ് ഇരുവരും ഡൽഹിയിൽ നിന്നും പാകിസ്താൻ ഇൻറർനാഷണൽ എയർലൈൻസിന്റെ വിമാനത്തിൽ പാകിസ്ഥാനിലേക്ക് തിരിച്ചത്. ആസിഫ് കറാച്ചിയിൽ സഹോദരിയുടെ വസതിയിലാണ് താമസിച്ചിരുന്നത്. സൂഫി ദർഗകൾ സന്ദർശിക്കാൻ മാർച്ച് 14ന് കറാച്ചിയിൽ നിന്നും ലാഹോറിലേക്ക് തിരിച്ച ഇരുവരേയും കാണാതാവുകയായിരുന്നു.
എന്നാല്‍ ലാഹോര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു ഫോണ്‍കോള്‍ വന്നതായും യാത്രാരേഖകളില്‍ തെറ്റുണ്ടെന്ന് പറഞ്ഞതായും പുരോഹിതന്റെ ബന്ധു പറഞ്ഞു. എന്നാല്‍ ആരാണ് വിളിച്ചതെന്ന് ഇവര്‍ വ്യക്തമാക്കിയില്ലെന്നും നാസിമിയുടെ ബന്ധു ഇന്‍ഡ്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
മാർച്ച് 15 ന് ലാഹോറിൽ നിന്നും കറാച്ചിയിലെത്താൻ വിമാനടിക്കറ്റ് എടുത്തിരുന്ന നൈസാമി വിമാനത്താവളത്തിൽ എത്തിയില്ല. അതേദിവസം നാലു മണിയോടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാവുകയും ചെയ്തിരുന്നു.പുരോഹിതന്റെ കുടുംബം അദ്ദേഹത്തെ കണ്ടെത്തണമെന്ന ആവശ്യവുമായി ഇന്ത്യയിലെ പാകിസ്താൻ ഹൈകമ്മീഷണറെ സമീപിച്ചിരുന്നു. മാർച്ച് 20 ന് ഇന്ത്യയിൽ തിരിച്ചെത്തുന്നുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.