ഗോഡ (ജാർഖണ്ഡ്): പന്ത്രണ്ട് വയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുൾപ്പെടെ ഏഴു പേർ പിടിയില്‍. ജാർഖണ്ഡിലെ ഗോഡ ജില്ലയിലെ ഹാര്കട്ട ഗ്രാമത്തിലാണ് സംഭവം.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഗോഡയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിടെ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയ ശേഷം ഏഴുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് എസ്പി രാജീവ് രഞ്ജന്‍ സിങ് പറഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി പിറ്റേന്ന് രാവിലെ അമ്മയോട് പീഡന വിവരം പറഞ്ഞു.
“പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടു പേരെ ഇന്നലെ രാത്രി പിടികൂടി. ബാക്കിയുള്ളവരെ ഉടൻ പിടികൂടും.”എസ്പി പറഞ്ഞു. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.
ജാർഖണ്ഡിൽ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ ബലാൽസംഗ കേസാണിത്. ഛത്ര ജില്ലയില്‍ അടുത്തിടെ ഒരു പതിനാറുകാരിയെ കൂട്ടബലാൽസംഗത്തിനുശേഷം ചുട്ടു കൊന്നത് വിവാദമായിരുന്നു. പ്രധാന പ്രതി ഉള്‍പ്പെടെ സംഭവത്തില്‍ പതിനഞ്ചു പേരെ അറസ്റ്റ് ചെയ്തു. മറ്റൊരു സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്തതിനു ശേഷം കത്തിച്ചതിനു അയല്‍വാസിയെ പിടികൂടിയിരുന്നു. എഴുപതു ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ബോക്കാറോ ജനറല്‍ ഹോസ്പിറ്റലില്‍ ചികിൽസയിലാണ്.