ന്യൂഡല്‍ഹി: ശ്രീനഗറില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യത്തിന്റേയും പൊലീസിന്റേയും സംയുക്ത സംഘം കൊലപ്പെടുത്തി. കഴിഞ്ഞ ആഴ്ച ദക്ഷിണ കശ്മീരില്‍ പൊലീസുകാരനെ കൊലപ്പെടുത്തിയ സംഘത്തിൽപ്പെട്ടതാണ് കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഒരാളെന്ന് പൊലീസ് പറഞ്ഞു.
പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് ജമ്മു കശ്മീര്‍ പൊലീസിന്റെയും അർദ്ധസൈനിക വിഭാഗത്തിന്റെയും സംയുക്ത സംഘം ശ്രീനഗറിലെ സക്കൂറ എന്ന സ്ഥലം വളയുകയായിരുന്നു. തീവ്രവാദികളാണ് വെടിവയ്പ്പ് തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.
കൊല്ലപ്പെട്ട തീവ്രവാദികളിൽ ഒരാള്‍ ഇഖ്ലാഖ് ഹജാം ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ദക്ഷിണ കശ്മീരിലെ അനന്ത്നാഗിലെ ഹസൻപോറ ഗ്രാമത്തിൽ അടുത്തിടെ പൊലീസ് ഹെഡ് കോൺസ്റ്റബിൾ അലി മുഹമ്മദ് മിറിനെ കൊലപ്പെടുത്തിയത് ഇഖ്ലാഖാണെന്നും പൊലീസ് പറഞ്ഞു.
തീവ്രവാദികൾക്കെതിരായ സൈനിക നടപടികൾ കശ്മീര്‍ താഴ്വരയില് പുരോഗമിക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വർഷം 24 തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയിട്ടുണ്ട്. തെക്കൻ കശ്മീരിൽ ഭൂരിഭാഗം തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് സൂചന. മധ്യ കശ്മീരില്‍ ഈ വര്‍ഷം ഇത് മൂന്നാമത്തെ ഏറ്റുമുട്ടലാണ്.
മൂന്ന് ഏറ്റുമുട്ടലിലുമായി നാല് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ജനുവരി നാലാം തിയതി ശ്രീനഗറിലെ ഷാലിമാർ മേഖലയിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ലഷ്കറെ തയിബ കമാൻഡർ സലീം പരെയും ഒരു പാക്കിസ്ഥാൻ തീവ്രവാദിയും കൊല്ലപ്പെട്ടു.
Also Read: ചങ്ങനാശേരിയില്‍ ബൈക്ക് അപകടം; മൂന്ന് യുവാക്കള്‍ മരിച്ചു