ഇൻഡോർ: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രണ്ട് പുരുഷന്‍മാര്‍ തമ്മില്‍ വിവാഹം കഴിച്ചു. മഴയുടെ ദേവനെന്ന് വിശ്വസിക്കുന്ന ഇന്ദ്രദേവനെ പ്രസാദിപ്പിക്കാനായാണ് പരമ്പരാഗത ഹിന്ദു ചടങ്ങിൽ വെച്ച് രണ്ടു പുരുഷൻമാർ വിവാഹിതരായത്. ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ട്.

എന്നാല്‍ കേവലം ചടങ്ങുകള്‍ക്ക് വേണ്ടി മാത്രമായിരുന്നു വിവാഹം. ഇരുവരുടെയും ഭാര്യമാരും കുട്ടികളും വിവാഹത്തിന് സാക്ഷികളായി കൂടെയുണ്ടായിരുന്നു. അസാധാരണമായ കാര്യങ്ങള്‍ നടത്തിയാല്‍ ദൈവത്തെ പ്രസാദിപ്പിക്കാം എന്നതാണ് ഇവിടുത്തെ പ്രാദേശിക വിശ്വാസം. ഈ വർഷം ഇൻഡോറില്‍ 20 ശതമാനം കുറവ് മഴയായിരുന്നു ലഭിച്ചത്. ഇതിനാല്‍ മഴ ലഭിക്കുന്നതിനായാണ് ഇത്തരമൊരു ചടങ്ങ് നടത്തിയിരിക്കുന്നത്.

സാധാരണ വിവാഹങ്ങളിലേതെന്ന പോലെ തന്നെ പാട്ടിന്റെയും നൃത്തത്തിന്റെയും അകമ്പടികളോടെ പരമ്പരാഗത കല്യാണ വസ്ത്രങ്ങള്‍ ധരിച്ചാണ് വരന്‍മാര്‍ വിവാഹത്തിന് എത്തിയത്. പരമ്പരാഗത രീതിയനുസരിച്ച് അഗ്നിസാക്ഷിയായി നടന്ന ചടങ്ങുകള്‍ക്ക് ഹൈന്ദവ പുരോഹിതന്‍ നേതൃത്വവും നല്‍കി. ”മഴയുടെ ദൈവമായ ഇന്ദ്രദേവന്റെ ശ്രദ്ധയാകര്‍ഷിക്കുന്നതിനായാണ് ഇങ്ങിനെയൊരു വിവാഹം നടത്തിയത്. ഇന്ദ്രദേവന്റെ അനുഗ്രഹം മഴയായി ലഭിക്കുന്നതിനായാണ് ഇത്.” ഗ്രാമവാസിയായ ടോമര്‍ പറഞ്ഞു.

വിവാഹ ചടങ്ങുകള്‍ക്കും വിവാഹ വിരുന്നിനും ശേഷം വരന്‍മാര്‍ അവരവരുടെ വീടുകളിലേക്ക് തിരിച്ചുപോയി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ