ലക്നൗ: രക്തസാക്ഷിദിനത്തില്‍ രാഷ്ട്രപിതാവിന്റെ കോലത്തില്‍ നിറയൊഴിക്കുകയും കോലം കത്തിക്കുകയും നാഥുറാം ഗോഡ്സെയ്ക്ക് മാല ചാര്‍ത്തുകയും ചെയ്ത ഹിന്ദു മഹാസഭയിലെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പതു പേര്‍ക്കെതിരെ കേസ് എടുത്തു.
ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ഷാകൂര്‍ പാണ്ഡെ രാഷ്ട്രപിതാവിന്റെ കോലത്തിന് നേരെ നിറയൊഴിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഗാന്ധിവധം ആഘോഷിക്കാനായി നാഥൂറാം ഗോഡ്സെയുടെ പ്രതിമയില്‍ ഹിന്ദുമഹാസഭ നേതാവ് മാല ചാര്‍ത്തുകയും ചെയ്തു.
വീഡിയോ ദൃശ്യങ്ങളില്‍ കാണുന്ന മനോജ് സൈനി, അഭിഷേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് സര്‍ക്കിള്‍ ഓഫീസര്‍ നീരജ് കുമാര്‍ ജദൗണ്‍ അറിയിച്ചു. ഗാന്ധിജിയുടെ കോലം കത്തിച്ചത് മനോജ് ആയിരുന്നു. വീഡിയോ പ്രചരിപ്പിച്ചത് ആരാണെന്ന് അന്വേഷിച്ച് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടത്തില്‍ നിന്നും അനുവാദം വാങ്ങാതെയാണ് പ്രതികള്‍ പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐപിസി സെക്ഷന്‍സ് 153 എ, 295 എ, 147 എന്നീ വകുപ്പുകള്‍ ചുമത്തി മതം, വംശം, ജന്മദേശം, താമസസ്ഥലം, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വര്‍ദ്ധിപ്പിക്കാന്‍ ശ്രമം, മതത്തെയോ മതവിശ്വാസത്തെയോ അപമാനിക്കുക, മതവികാരം വ്രണപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരായി പ്രത്യേക അധികാര നിയമം ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇവര്‍ ഗാന്ധിവധം പുനഃസംഘടിപ്പിച്ചതില്‍ യാതൊരു തെറ്റുമുള്ളതായി തോന്നുന്നില്ലെന്ന് എബിഎച്ച്എം വക്താവ് അശോക് പാണ്ഡെ പറഞ്ഞു, ‘അവര്‍ ചെയ്തതില്‍ എന്തെങ്കിലും കുഴപ്പമുള്ളതായി തോന്നിയിട്ടില്ല. കാരണം ഈ രാജ്യത്ത് രാവണ ദഹനം പുനഃസംഘടിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യാറുള്ളതാണ്. ഞങ്ങളുടെ ഓഫീസിന്റെ പരിസരത്താണ് ഞങ്ങള്‍ ഇത് ചെയ്തത്.’
ഗാന്ധിയുടെ ചരമവാര്‍ഷികമായ ജനുവരി 30നെ ‘ശൗര്യ ദിനം’ എന്നാണ് എബിഎച്ച്എം വിളിക്കുന്നത്. ‘അദ്ദേഹവും (ഗാന്ധി) വിഭജനത്തിന് കാരണക്കാരനായിരുന്നു. 10 ലക്ഷത്തിലധികം ഹിന്ദുക്കള്‍ മരിച്ചു,’ താനും ഗാന്ധിജിയുടെ കോലം കത്തിച്ച പരിപാടിയുടെ ഭാഗമായിരുന്നുവെന്നും പാണ്ഡെ കൂട്ടിച്ചേര്‍ത്തു. കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ പൂജ പിന്നീട് ഡല്‍ഹിയിലേക്ക് പോയതായും പാണ്ഡെ വ്യക്തമാക്കി.