കൊൽക്കത്ത: പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പശ്ചിമ ബംഗാളിൽ ആൾക്കൂട്ടം രണ്ടു പേരെ മർദ്ദിച്ചു കൊലപ്പെടുത്തി. കൂച്ച്ബിഹാർ ജില്ലയിലാണ് വീണ്ടും ആൾക്കൂട്ട ആക്രമണം അരങ്ങേറിയത്. സംഭവത്തിൽ ഇതനോടകം 13 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് വ്യക്തമാക്കി. പ്രകാശ് ദാസ് (32), ബാബുൽ മിത്ര (37) എന്നിവരെയാണ് വെള്ളിയാഴ്ച പുലർച്ചയോടെ ഇരുപതോളം ആളുകൾ ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്.
ഇവരുടെ പിക്ക് വാനിലുണ്ടായിരുന്നു കന്നുകാലികളെ മോഷ്ടിച്ച് കടത്തുന്നതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. കല്ലും കമ്പും ഉപയോഗിച്ചായിരുന്നു മർദ്ദനം. പൊലീസ് സംഭവസ്ഥലത്തേക്ക് എത്തുമ്പോഴേക്കും ആൾക്കൂട്ടം ഓടി രക്ഷപ്പെട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കൂച്ച്ബിഹാർ മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.
അതേസമയം പശുക്കളെ മോഷ്ടിച്ചതാണൊയെന്ന കാര്യം ഇനിയും വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ 13 പേരെയാണ് ഇതിനോടകം അറസ്റ്റ് ചെയ്തത്. കൊലപാതക കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സ്ഥലത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.