ചെന്നൈ: തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് കാണാനെത്തിയ രണ്ട് പേര് കാളയുടെ കുത്തേറ്റ് മരിച്ചു. ഞായറാഴ്ച പുതുക്കോട്ടെ ജില്ലയിലാണ് സംഭവം നടന്നത്. 35 വയസുകാരായ റാം, സതീഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. കാണികളായ ഇവര്‍ക്ക് കാളയുടെ കുത്തേറ്റുണ്ടായ സാരമായ പരുക്കേറ്റാണ് മരണം സംഭവിച്ചത്. 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജെല്ലിക്കെട്ടിന് ശേഷം കാളകളെ കൈമാറുന്ന ബാരിക്കേഡിന് സമീപത്തു വച്ചാണ് കാള രണ്ട് പേരേയും കുത്തിയതെന്ന് പൊലീസ് അറിയിച്ചു.
സുപ്രീം കോടതി നിർദ്ദേശിച്ച എല്ലാ സുരക്ഷാ മുന്‍കരുതലുകളും എടുത്തിരുന്നതായി മുഖ്യമന്ത്രി ഇ.പളനിസ്വാമി പറഞ്ഞു. മുഖ്യമന്ത്രിയാണ് ജെല്ലിക്കെട്ട് ഫ്ലാഗ് ഓഫ് ചെയ്തത്. ജെല്ലിക്കെട്ട് കാണാനായി ആരോഗ്യ മന്ത്രി സി.വിജയഭാസ്കറും എത്തിയിരുന്നു. ഈ സീസണില്‍ ജെല്ലിക്കെട്ടിനിടെ 13 പേരാണ് ഇതുവരെ മരിച്ചത്.
ഗിന്നസ് റെക്കോര്‍ഡ് ലഭിക്കുന്ന എന്ന ലക്ഷ്യം മുന്നില്‍ കണ്ട് തമിഴ്നാട് സര്‍ക്കാരാണ് ജെല്ലിക്കെട്ട് ഇപ്പോള്‍ നടത്തുന്നത്. ആരോഗ്യ മന്ത്രിയുടെ ചുമതലയിലാണ് ഈ ആഘോഷം സംഘടിപ്പിക്കുന്നത്. അതേസമയം, കാളകളെ കൈമാറുന്ന കളക്ഷന്‍ പോയിന്റ് ഉളള ബാരിക്കേഡിന് അടുത്ത് കാഴ്ചക്കാരെ അനുവദിക്കരുതായിരുന്നെന്ന് സുരക്ഷാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. കാളകളെ ഉടമകള്‍ക്ക് കൈമാറുന്ന സ്ഥലത്ത് അല്ല കാണികളെ നിര്‍ത്തേണ്ടത്. പകരം ഇവയെ മെരുക്കി പുറത്തേക്ക് കൊണ്ടുപോകുന്നിടത്ത് മാത്രമാണ് കാണികളെ അനുവദിക്കാറുളളത്.
കളക്ഷന്‍ പോയിന്റിനടുത്ത് ചെറിയ ജെല്ലിക്കെട്ട് തന്നെ അരങ്ങേറുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇവിടെ വച്ച് കാളകളെ മെരുക്കുക എന്നത് ഉടമകള്‍ക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്. 2014ല്‍ കാളകളോടുളള ക്രൂരത ചൂണ്ടിക്കാട്ടി സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു. എന്നാല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് പുതിയ ഓര്‍ഡിനന്‍സ് ഇറക്കി തമിഴ്നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ടിനുളള നിരോധനം മറികടന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 200ല്‍ അധികം പേരാണ് ജെല്ലിക്കെട്ടിനിടെ കൊല്ലപ്പെട്ടത്.