ലണ്ടൻ: ബ്രിട്ടണിലെ ഗ്ലോസ്റ്ററിന് സമീപം ചെല്‍സ്റ്റര്‍ ഹാമിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികൾ മരിച്ചു. മൂവാറ്റുപ്പുഴ വാളകം കുന്നക്കല്‍ സ്വദേശി ബിന്‍സ് രാജന് (32), കൊല്ലം സ്വദേശി അര്‍ച്ചന നിര്‍മല്‍ എന്നിവരാണ് മരിച്ചത്.
ബിന്‍സിന്റെ ഭാര്യ അനഘ, രണ്ട് വയസുള്ള കുഞ്ഞ്, അര്‍ച്ചനയുടെ ഭര്‍ത്താവ് പത്തനംതിട്ട വല്ലച്ചിറ സ്വദേശി നിര്‍മല്‍ രമേശ് എന്നിവര്‍ പരുക്കേറ്റ് ചികിത്സയിലാണ്. അനഘയും കുഞ്ഞും ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഓക്സ്ഫെഡിലെ സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രക്കിടയിൽ ചെല്‍സ്റ്റര്‍ഹാമിലെ പെഗിന്‍സ്വര്‍ത്തില്‍ എ-436 റോഡില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിലാണ് ബിന്‍സും അനഘയും ബ്രിട്ടനിലെത്തിയത്. ലൂട്ടന്‍ സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്നു അനഘ. മരണപ്പെട്ട ബിൻസിന്റെയും അർച്ചനയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ യുകെ മലയാളി സംഘടനയായ യുക്മയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
Also Read: കോട്ടയത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു; 16 പേർക്ക് പരുക്ക്