ബാഗ്ദാദ്: ഇറാഖിൽ വീണ്ടും റോക്കറ്റ് ആക്രമണം നടന്നതായി റിപ്പോർട്ട്. അമേരിക്കൻ എംബസിയുടെ നൂറ് മീറ്റർ അകലത്തിൽ റോക്കറ്റ് പതിച്ചതായി പൊലീസ്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദ് നഗരത്തിലാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. ആക്രണത്തിൽ ആളപായമില്ലെന്ന് സൈനിക കേന്ദ്രങ്ങൾ അറിയിച്ചു.
ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് അമേരിക്കന്‍ എംബസിയും മറ്റും സ്ഥിതിചെയ്യുന്ന ഗ്രീന്‍ സോണില്‍ രണ്ട് കത്യുഷ് റോക്കറ്റുകള്‍ പതിച്ചതായി ഇറാഖ് സൈന്യം അറിയിച്ചത്. സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസോ, പെന്റഗണോ പ്രതികരിച്ചിട്ടില്ല.
“രണ്ട് കത്യുഷ റോക്കറ്റുകൾ ബാഗ്ദാദിലെ ഗ്രീൻ സോണിൽ പതിച്ചിട്ടുണ്ട്. ആളപായമുള്ളതായി വിവരം കിട്ടിയിട്ടില്ല,” എന്ന് ഇറാഖിലെ സഖ്യസേനാ കമാൻഡർമാർ വ്യക്തമാക്കി.
شاهد.. المنطقة الخضراء وسط #بغداد أثناء إطلاق صافرات الإنذار بعد سقوط صاروخين بمحيط السفارة الأمريكية دون خسائر
.
#العراق #إيران #المرصد pic.twitter.com/zgkQW0m8uu— صحيفة المرصد (@marsdnews24) January 8, 2020
കഴിഞ്ഞ ദിവസം അമേരിക്കയുടെ രണ്ടു സൈനികതാവളങ്ങള്‍ക്കുനേരെ ഇറാന് മിസൈലാക്രമണം നടത്തിയിരുന്നു. ഇര്‍ബില്‍, അല്‍ അസദ് സൈനികാസ്ഥാനങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 80 അമേരിക്കൻ സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന് അവകാശപ്പെട്ടു. എന്നാല്‍ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത് തള്ളിക്കളഞ്ഞിരുന്നു.
Read More: യുദ്ധ പ്രഖ്യാപനമില്ല; അമേരിക്കൻ താവളത്തിന് കാര്യമായ നാശനഷ്ടമില്ലെന്ന് ട്രംപ്
“തീവ്രവാദത്തിന് ചുക്കാൻ പിടിക്കുന്ന രാജ്യമാണ് ഇറാൻ. ആണാവായുധം ഉണ്ടാക്കാൻ ഇറാനെ അനുവദിക്കില്ല. ഇറാന്റെ അഭിവൃദ്ധിയാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഐഎസ് തകർന്നാൽ നേട്ടം ഇറാനാണ്. അമേരിക്കയെ ഭയപ്പെടുത്തുന്ന ഒന്നും അനുവദിക്കില്ല. അമേരിക്കയുടെ മിസൈലുകൾ സൂക്ഷ്മവും കൃത്യവുമാണ്, അത് ഉപയോഗിക്കാൻ താൽപ്പര്യമില്ല,” ട്രംപ് പറഞ്ഞു.
അതേസമയം അമേരിക്കയ്ക്കു മുഖമടച്ചു നല്കിയ അടിയാണ് ഇറാഖിലെ സൈനിക താവളങ്ങളിലേക്കു നടത്തിയ മിസൈലാക്രമണമെന്ന് ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ”കഴിഞ്ഞ രാത്രി അമേരിക്കയ്ക്ക് മുഖമടച്ച് അടി നല്കി. എന്നാല്‍ ഈ സൈനിക നടപടി പര്യാപ്തമെന്നു കരുതുന്നില്ല. ഇപ്പോള്‍ നമ്മുടെ ഉത്തരവാദിത്തം എന്താണെന്നതാണു പ്രധാന പ്രശ്നം. മേഖലയില്‍ അമേരിക്കയുടെ സാന്നിധ്യം അവസാനിപ്പിക്കുകയാണു പ്രധാനം. ഇവിടെനിന്ന് അമേരിക്ക വിട്ടുപോകണം,” ഖമേനി പറഞ്ഞു.
ലഫ്റ്റനന്റ് ജനറല്‍ കാസിം സുലൈമാനി ധീരനും കാര്യപ്രാപ്തിയുമുള്ളവനുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ നാടായ കോം പ്രവിശ്യയില്‍നിന്നുള്ള ആളുകളെ അഭിസംബോധന ചെയ്ത് ഖമേനി പറഞ്ഞു. യുദ്ധരംഗത്ത് മാത്രമല്ല രാഷ്ട്രീയത്തിലും കാര്യശേഷിയുള്ള ആളായിരുന്നു സുലൈമാനിയെന്നും അദ്ദേഹം പറഞ്ഞു.