ബെംഗളൂരൂ: കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങള്‍ വലിയ തിരിച്ചടിയാകുകയാണ്. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് മണിക്കൂറുകള്‍ വ്യത്യാസത്തില്‍ കര്‍ണാടകയില്‍ രാജിവച്ചത്.

വിജയനഗര്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങ്, ഗോകക് മണ്ഡലത്തില്‍ നിന്നുള്ള രമേശ് ജാര്‍ക്കിഹോളി എന്നിവരാണ് ഇന്ന് രാജിക്കത്ത് നല്‍കിയത്. രാജിക്കാര്യം ആദ്യം അറിയിച്ചത് ആനന്ദ് സിങ്ങാണ്. രാജിക്കാര്യം വ്യക്തമാക്കി ഗവര്‍ണറെ കാണുമെന്നും ആനന്ദ് സിങ് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ജാര്‍ക്കിഹോളിയും എംഎല്‍എ സ്ഥാനം രാജിവച്ചത്.

Read Also: കർണാടക പിസിസി പിരിച്ചുവിട്ടു; പ്രസിഡന്റും വർക്കിങ് പ്രസിഡന്റും ഒഴികെയുള്ളവർ പുറത്ത്

എന്നാല്‍, നിയമസഭാ സ്പീക്കര്‍ രാജിക്കാര്യം നിഷേധിച്ചിട്ടുണ്ട്. ആരുടെയും രാജിക്കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നാണ് കെ.ആര്‍.രമേഷ് കുമാര്‍ പറയുന്നത്. വീണ്ടും രാജിക്കത്ത് നല്‍കണമെങ്കില്‍ അതിനും തയ്യാറാണെന്ന് ആനന്ദ് സിങ് തിരിച്ചടിച്ചു.

എന്നാല്‍, എംഎല്‍എമാരുടെ രാജിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി രംഗത്തെത്തിയിട്ടുണ്ട്. കര്‍ണാടകയിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താമെന്നത് ബിജെപിയുടെ ദിവാസ്വപ്‌നമാണെന്ന് കുമാരസ്വാമി പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങള്‍ താന്‍ സസൂക്ഷമം വീക്ഷിക്കുന്നുണ്ട് എന്നും കുമാരസ്വാമി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ആറോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവയ്ക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചാല്‍ അത് സര്‍ക്കാരിനെ സമ്മർദത്തിലാക്കും. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമങ്ങള്‍ നടത്തുന്നത്.

കർണാടക പിസിസി പിരിച്ചുവിട്ടതായി കഴിഞ്ഞ ദിവസം നേതൃത്വം അറിയിച്ചിരുന്നു.  പ്രസിഡന്റിനെയും വർക്കിങ് പ്രസിഡന്റിനെയും മാത്രം നിലനിർത്തിയാണ് കർണാടക പിസിസി പിരിച്ചുവിട്ടത്. പ്രസിഡന്റ് ദിനേശ് ഗുണ്ടറാവു, വർക്കിങ് പ്രസിഡന്റ് ഈശ്വർ ബി.ഖാന്ദ്രേ എന്നിവരെ തൽസ്ഥാനത്ത് നിലനിർത്തി കൊണ്ടാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടിരിക്കുന്നത്. സംഘടനകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് കർണാടകയിലെ മുതിർന്ന നേതാവും ശിവാജി നഗർ എംഎൽഎയുമായ റോഷൻ ബേഗിനെ കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ശുപാര്‍ശയെ തുടർന്നായിരുന്നു നടപടി. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ പരസ്യവിമർശനം നടത്തിയ റോഷൻ, താൻ കോൺഗ്രസ് പാർട്ടിയുടെ സേവകനാണെന്നും സിദ്ധരാമയ്യയാണു സസ്പെൻഷനു കാരണമെന്നും പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook