കാബൂൾ: കാബൂളിൽ നടന്ന വനിതകളുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിനു രണ്ട് മാധ്യമപ്രവർത്തകർക്ക് ക്രൂരമർദനം. വാർത്ത റിപ്പോർട്ട് ചെയ്തതിനു രണ്ടു പേരെയും താലിബാൻ തടഞ്ഞു വയ്ക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്‌തെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞു.
കാബൂൾ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനമായ എറ്റിലാറ്റ് -ഇ റോസിൽ നിന്നുള്ള മാധ്യമപ്രവർത്തകരായ തഖി ദര്യാബിയെയും നേമത്ത് നഖ്ദിയെയുമാണ് ചൊവ്വാഴ്ച താലിബാന്റെ ആക്രമണത്തിന് ഇരയായത്.
സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ ലംഘിക്കുന്നത് താലിബാൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് വനിതകൾ കാബൂളിൽ പ്രതിഷേധം നടത്തിയത്.
ഇത് റിപ്പോർട്ട് ചെയ്യുകയായിരുന്ന ഇവരെ രണ്ടുപേരെയും താലിബാൻ കാബൂളിലെ ഒരു പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, പ്രത്യേക സെല്ലുകളിൽ ഇരുത്തി, കേബിളുകൾ ഉപയോഗിച്ച് മർദിച്ചതായി എറ്റിലാറ്റ്-ഇ റോസ് റിപ്പോർട്ട് ചെയ്തു. മുഖത്തും പുറകിലും പരുക്കേറ്റ ഇവരെ ഇന്നലെ താലിബാൻ വിട്ടയച്ചതിനു പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താലിബാൻ എന്റെ രണ്ട് സഹപ്രവർത്തകരെ നാല് മണിക്കൂർ തടഞ്ഞുവച്ചു മർദിച്ചെന്ന് എറ്റിലാറ്റ് -ഇ റോസിന്റെ ചീഫ് എഡിറ്റർ സാകി ദര്യാബി പറഞ്ഞു. “താലിബാന്റെ ക്രൂരമായ പീഡനത്തിനിടയിൽ, റിപ്പോർട്ടർമാർക്ക് നാല് തവണ ബോധം നഷ്ടപ്പെട്ടു,” സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.
സെപ്റ്റംബർ 7ന് താലിബാൻ ടോളോന്യൂസ് ഫോട്ടോ ജേണലിസ്റ്റായ വാഹിദ് അഹ്മദിയെ തടഞ്ഞുവച്ചതായും അന്നുതന്നെ വിട്ടയച്ചതായും ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്തു. അവർ അദ്ദേഹത്തിന്റെ ക്യാമറ പിടിച്ചെടുക്കുകയും പ്രതിഷേധം ചിത്രീകരിക്കുന്നതിൽ നിന്ന് മറ്റു മാധ്യമപ്രവർത്തകരെ തടയുകയും ചെയ്തു.
Also read: അഫ്ഗാനിസ്താനിൽ ഇടക്കാല സർക്കാർ പ്രഖ്യാപിച്ചു; മുല്ല ഹസ്സൻ അഖുന്ദ് താൽക്കാലിക ഭരണത്തലവൻ