ശ്രീനഗർ: കാശ്മീരിലെ ഷോപ്പിയാനിൽ സൈനിക വാഹനത്തിന് നേരെ തീവ്രവാദികൾ ആക്രമണം നടത്തി. ആക്രമണത്തില്‍ ഒരു പ്രദേശവാസി കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പതിവു പട്രോളിംഗ് നടത്തുകയായിരുന്ന സംഘത്തിന് നേരെയായിരുന്നു ആക്രമണം.

ഷോപ്പിയാനില്‍ ഭീകരവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യവും സിആര്‍പിഎഫും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷന് പിന്നാലെയാണ് ആക്രമണം നടന്നത്. 4000ത്തിലധികം വരുന്ന സേനയാണ് വിവിധ ഗ്രാമങ്ങളില്‍ നിലയുറപ്പിച്ചത്. ഹെലിക്കോപ്റ്ററുകളും ഡ്രോണുകളും ആകാശത്ത് വട്ടമിട്ട് പറന്നു നിരീക്ഷണവും നടത്തി.

ഈ ആഴ്ച്ചയില്‍ തന്നെ നിരവധി തവണ സുരക്ഷാസേനയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. ഇതിനിടെ കുല്‍ഗാമില്‍ ഭീകരരുമായി സേന ഏറ്റുമുട്ടുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കുല്‍ഗാമിലെ ഖുദ്വാനിയില്‍ നാല് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണം നടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ