സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ കിസ്താരം മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ എട്ടു മാവോയിസ്റ്റുകളും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഇന്നു രാവിലെയാണ് തെലങ്കാന അതിര്‍ത്തിയോട് ചേര്‍ന്നുള്ള വനമേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്.
കൊല്ലപ്പെട്ട എട്ടു മാവോയിസ്റ്റുകളുടേയും മൃതദേഹങ്ങള്‍ വനത്തിനുള്ളില്‍നിന്ന് കണ്ടെത്തി. ഡിസ്ട്രിക്റ്റ് റിസേര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരെന്നും പോലീസ് അറിയിച്ചു. മേഖലയില്‍ കൂടുതല്‍ മാവോയിസ്റ്റുകള്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞമാസം 27ന് ഛത്തീസ്ഗഡിലെ ബീജാപുരില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് വ്യാപകമായ പോസ്റ്റര്‍ പ്രചരണവും മാവോയിസ്റ്റുകള്‍ നടത്തിയിരുന്നു.