ന്യൂഡല്‍ഹി: ചത്തീസ്ഗഡിലെ നാരായണ്‍പുര്‍ ജില്ലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ അസിസ്റ്റന്റ് കമാണ്ടന്റ് ഉള്‍പ്പെടെ ഇന്തോ-ടിബറ്റന്‍ പട്രോളി(ഐടിബിപി)ന്റെ രണ്ടു ജവാന്മാര് കൊല്ലപ്പെട്ടു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഐടിബിപിയുടെ 45-ാം ബറ്റാലിയന്റെ കാദെമെത ക്യാമ്പില്‍നിന്ന് 600 മീറ്റര്‍ അകലെയാണ് ആക്രമണം നടന്നത്. മാവോയിസ്റ്റുകളുടെ ഒരു ചെറിയ ആക്ഷന്‍ ടീം ഐടിബിപി സംഘത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
പതിയിരുന്നുള്ള ആക്രമണത്തിനുശേഷം മാവോയിസ്റ്റുകള്‍ ഒരു എകെ 47 റൈഫിളും രണ്ട് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഒരു വയര്‍ലെസ് സെറ്റും കൊള്ളയടിച്ച് രക്ഷപ്പെട്ടതായി ബസ്തര്‍ ഐജി പി സുന്ദര്‍രാജ് പറഞ്ഞു. സംഭവസ്ഥലത്തേക്കു കൂടുതല്‍ ജവാന്മാരെത്തി കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ മാറ്റി.
ഛത്തീസ്ഗഡില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ ഈ വര്‍ഷം നിരവധി മാവോയിസ്റ്റ് ആക്രമണങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം നാരായണ്‍പൂരില്‍ മാവോയിസ്റ്റുകള്‍ പതിയിരുന്ന് നടത്തിയ ആക്രമണത്തില്‍ ഒരു ഐടിബിപി ഉദ്യോഗസ്ഥന് കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Also Read: ഭീകരശക്തികൾ കെട്ടിപ്പടുത്തുയർന്ന സാമ്രാജ്യത്തിന്റെ നിലനിൽപ്പ് ശാശ്വതമല്ല: പ്രധാനമന്ത്രി
കഴിഞ്ഞമാസം തന്നെ അതേ പ്രദേശത്തെ ഇരുമ്പയിര് ഖനനസ്ഥലം ആക്രമിച്ച മാവോയിസ്റ്റുകള്‍ സ്വകാര്യ സ്ഥാപനത്തിന്റെ സൂപ്പര്‍വൈസറെ കൊലപ്പെടുത്തിയിരുന്നു. ആറ് വലിയ വാഹനങ്ങള്‍ കത്തിക്കുകയും 13 ജീവനക്കാരെ ബന്ദികളാക്കുകയും ചെയ്തു.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ മാവോയിസ്റ്റ് ആക്രമണമുണ്ടായത് ഇക്കഴിഞ്ഞ ഏപ്രിലിലാണ്. ബസ്തര്‍ മേഖലയിലുണ്ടായ ആക്രമണത്തില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
മാര്‍ച്ചില്‍ നാരായണ്‍പൂരിലുണ്ടായ സ്ഫോടത്തില്‍ ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) അഞ്ച് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരുപതിലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ബസാണ് മാവോയിസ്റ്റുകള്‍ ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറയുന്നു.