ഇസ്‌ലാമാബാദ്: ഇന്ത്യൻ വ്യോമസേനയുടെ രണ്ടു മിഗ് വിമാനങ്ങൾ വെടിവച്ചിട്ടെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക്കിസ്ഥാൻ അതിർത്തി കടന്ന് ഇന്ത്യയുടെ രണ്ടു മിഗ് വിമാനങ്ങളെത്തി. ഞങ്ങൾ അവയെ വെടിവച്ചിട്ടു. ഇന്ത്യൻ പൈലറ്റ് പാക്കിസ്ഥാൻ കസ്റ്റഡിയിലാണെന്നും ലൈവ് ടിവി വഴി രാജ്യത്തെ അഭിസംബോധന ചെയ്ത് ഇമ്രാൻ ഖാൻ പറഞ്ഞു.

”പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യ ആവശ്യപ്പെടുന്ന ഏതു തരത്തിലുളള അന്വേഷണത്തിനും തയ്യാറാണെന്നും ആക്രമണത്തിന് പാക് വംശജരായ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ നടപടിയെടുക്കാമെന്നും അറിയിച്ചു. പക്ഷേ ഇന്ത്യ തയ്യാറായില്ല. ഇന്ത്യൻ ആക്രമണത്തിൽ പാക്കിസ്ഥാനിലുണ്ടായ നാശനഷ്ടത്തെക്കുറിച്ച് വ്യക്തത ഇല്ലായിരുന്നു. അതിനാലാണ് പാക്കിസ്ഥാൻ തിരിച്ചടിക്കാതിരുന്നത്. ഇന്നാണ് തിരിച്ചടിച്ചത്. പാക്കിസ്ഥാനിൽ ഇന്ത്യ എത്തിയതുപോലെ ഇന്ത്യയിലെത്തി പാക്കിസ്ഥാനും തിരിച്ചടിക്കാൻ കഴിയുമെന്ന് കാണിക്കാനായിരുന്നു ആക്രമണം. ഇന്ത്യയിലെ പാക്കിസ്ഥാൻ വ്യോമാക്രമണത്തിൽ നാശനഷ്ടങ്ങളും ജീവഹാനിയും ഉണ്ടാവരുതെന്നത് ഞങ്ങളുടെ തീരുമാനമായിരുന്നു,” ഇമ്രാൻ ഖാൻ പറഞ്ഞു.

India-Pakistan LIVE News Updates:

”എല്ലാ യുദ്ധങ്ങളും തെറ്റിദ്ധാരണകൾ മൂലമാണ് ഉണ്ടായിട്ടുളളതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇരുരാജ്യങ്ങളുടെയും കൈവശമുളള ആയുധശേഖരണത്തിൽ ഇത്തരമൊരു തെറ്റിദ്ധാരണ മൂലം ഉണ്ടാകുന്ന പിഴവ് നമുക്ക് താങ്ങാനാവുമോ?. യുദ്ധം തുടങ്ങിയാൽ എന്റെയോ ഇന്ത്യൻ പ്രധാനമന്ത്രിയുടെയോ നിയന്ത്രണത്തിൽ നിൽക്കില്ല. നമുക്ക് ഒരുമിച്ചിരുന്ന് ചർച്ചയിലൂടെ പരിഹാരം കണ്ടെത്താം,” ഇമ്രാൻ ഖാൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook