ന്യൂഡൽഹി: മാലിദ്വീപിൽ പ്രസിഡന്റ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് സംഘർഷങ്ങൾക്ക് അയവില്ല. അതേസമയം ഇന്ന് വാർത്ത ഏജൻസിയായ എഎഫ്‌പിയുടെ രണ്ട് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിലൊരാൾ ഇന്ത്യക്കാരനാണ്. മറ്റൊരാൾ ലണ്ടൻ സ്വദേശിയും.

അമൃത്‌സർ സ്വദേശി മോനി ശർമ്മ, ബ്രട്ടീഷ് പൗരനും ഇന്ത്യൻ വംശജനുമായ അതീഷ് രവിജി പട്ടേൽ എന്നിവരാണ് പിടിയിലായത്. എഎൻഐയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

അറസ്റ്റിനെ മാലിദ്വീപിലെ പാർലമെന്റംഗം അപലപിച്ചു. കഴിഞ്ഞ ദിവസം ഇവിടെയൊരു ടിവി ചാനലും പൊലീസ് ഇടപെട്ട് പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ആരോപിച്ചായിരുന്നു ടിവി ചാനലിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്.

തിങ്കളാഴ്ചയാണ് മാലിദ്വീപിൽ പ്രസിഡന്റ് അബ്ദുല്ല യമീൻ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. തടവിലായിരുന്ന പ്രതിപക്ഷ നേതാക്കളെ സ്വതന്ത്രരാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പ്രസിഡന്റ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അബ്ദുല്ല സയ്യിദും മറ്റൊരു ജഡ്ജായ അലി ഹമീദും അറസ്റ്റിലായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook