ബെംഗളൂരു: കർണാടകയിൽ രണ്ട് സ്വതന്ത്ര എംഎൽഎമാർ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ആർ.ശങ്കറും എച്ച്.നാഗേഷുമാണ് പിന്തുണ പിൻവലിച്ചത്. ആർ.ശങ്കറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും മന്ത്രിസഭ പുനഃസംഘടനയിൽ അദ്ദേഹത്തിന് സ്ഥാനം നഷ്ടമായി. ഇതോടെയാണ് സഖ്യത്തിൽനിന്നും പുറത്തുപോകുമെന്ന സൂചന അദ്ദേഹം നൽകിയത്.

”ഇന്നു മകര സംക്രാന്തിയാണ്. ഈ ദിവസത്തിൽ ഭരണം മാറണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിനാൽ ഞാൻ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നു,” ആർ.ശങ്കർ പറഞ്ഞു. ”നല്ല ഭരണത്തിനുവേണ്ടിയാണ് സഖ്യ സർക്കാരിന് പിന്തുണ നൽകിയത്. പക്ഷേ സർക്കാർ പൂർണ പരാജയമായിരുന്നു. സഖ്യത്തിനൊപ്പം നിൽക്കുന്നവരുടെ വാക്കുകൾ ചെവി കൊണ്ടില്ല. അതിനാൽ നല്ലൊരു സർക്കാർ രൂപീകരിക്കുന്നതിനുവേണ്ടിയാണ് ബിജെപിക്കൊപ്പം ചേരുന്നത്. അവർ സഖ്യ സർക്കാരിനെക്കാൾ നല്ല ഭരണം നടത്തും,” എച്ച്.നാഗേഷ് എഎൻഐയോട് പറഞ്ഞു.

തങ്ങളുടെ അഞ്ചു എംഎൽഎമാരെ കാണാനില്ലെന്ന കോൺഗ്രസ് ആരോപണത്തിനു പിന്നാലെയാണ് രണ്ടു സ്വതന്ത്രർ പിന്തുണ പിൻവലിച്ചത്. കർണാടകയിൽ കോൺഗ്രസ് എംഎൽഎമാരെ വശത്താക്കി ബിജെപി ഓപ്പറേഷൻ താമര നടത്തുകയാണെന്നാണ് കോൺഗ്രസ് ആരോപണം.

അതേസമയം, രണ്ടു സ്വതന്ത്രർ പിന്തുണ പിൻവലിച്ചാലും കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ അത് ബാധിക്കില്ല. ഇപ്പോഴും കേവല ഭൂരിപക്ഷത്തിന് മുകളിൽ അംഗങ്ങളുടെ പിന്തുണയുണ്ട് സർക്കാരിന്. എന്നാൽ ചില കോൺഗ്രസ് എംഎൽഎമാരെ വശത്താക്കി അവിശ്വാസ പ്രമേയം കൊണ്ടുവന്ന് സർക്കാരിനെ താഴെയിടാനുള്ള നീക്കങ്ങൾ ബിജെപി നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

കർണാടക നിയമസഭയിൽ 224 അംഗങ്ങളാണുള്ളത്. ജെഡിഎസ്-കോൺഗ്രസ് സഖ്യം 117 അംഗങ്ങളുടെ (കോൺഗ്രസ് 80, ജെഡിഎസ് 37) പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്. 104 അംഗങ്ങളാണ് ബിജെപിക്കുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook