ന്യൂഡൽഹി: ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് വഴി വാങ്ങിയ ഉൽപ്പന്നം കവർന്ന് പകരം സോപ്പ് വച്ച രണ്ട് പേരെ പൊലീസ് പിടികൂടി. നിരവധി ഉപഭോക്താക്കളെ പറ്റിച്ച സംഭവത്തിൽ വിനയ് രൂക്, ഫരീദ് ഷെയ്ക് എന്നിവരാണ് പിടിയിലായത്. ഓൺലൈനായി വാങ്ങുന്ന സ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരാണ് പിടിയിലായത്.

വാങ്ങിയ ഉൽപ്പന്നമല്ല ഉപഭോക്താക്കൾക്ക് കിട്ടുന്നതെന്ന് നിരന്തരം പരാതി ഉയർന്നതോടെയാണ് ഓൺലൈൻ വ്യാപാര കേന്ദ്രം ഇത് സംബന്ധിച്ച് പരാതി നൽകിയത്. പിന്നീട് ഡെലിവറി ബോയിയെ ചോദ്യം ചെയ്തെങ്കിലും ഇയാൾ കുറ്റം നിഷേധിച്ചു. ഇതോടെയാണ് കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരനായ വിനയ് രൂകെയെ ബന്ദ്ര കുർള പൊലീസ് ചോദ്യം ചെയ്തത്.

പൊലീസിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ വിനയ് രൂകെ കുറ്റം സമ്മതിച്ചു. ഇതോടെയാണ് വലിയ തട്ടിപ്പിന്റെ പിന്നിലെ കഥ വെളിച്ചത്തായത്. ഉപഭോക്താക്കൾക്ക് വിതരണം ചെയ്യേണ്ട ഉൽപ്പന്നങ്ങൾ കൊറിയർ സ്ഥാപനത്തിലെത്തുമ്പോൾ പെട്ടിതുറന്ന് സാധനങ്ങൾ മോഷ്ടിച്ച ശേഷം പകരം സോപ്പ് വച്ച് പാക്കറ്റ് വിതരണത്തിന് വിടുകയായിരുന്നുവെന്നാണ് മൊഴി.

തട്ടിപ്പിന് വിനയ് രൂകെയ്ക്ക് സഹായം ചെയ്തത് ഫരീദ് ഷെയ്‌കാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഫരീദിന് വേണ്ടിയാണ് വിനയ് രൂകെ ഉൽപ്പന്നങ്ങളുടെ പെട്ടികൾ പൊളിച്ചതെന്നും സാധനങ്ങൾ ഫരീദിന് കൈമാറിയെന്നും പൊലീസ് പറഞ്ഞു. മുൻപും ഷെയ്‌ഖിനെതിരെ സമാനമായ കേസ് ഇതേ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook