ശ്രീനഗർ: ജമ്മു കശ്മീരിലെ ബരാമുള്ളയിലും രജൗരിയിലും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ബരാമുള്ളയിലെ കർഹാമ കുൻസർ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചതായി ഖസ്മീർ സോൺ പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
”ഒരു ഭീകരൻ കൊല്ലപ്പെട്ടു, തിരച്ചിൽ തുടരുന്നു,” പൊലീസ് ട്വീറ്റ് ചെയ്തു. ”ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചു. തിരച്ചിലിനിടെ ഭീകരർ വെടിവയ്ക്കുകയും സൈന്യം തിരിച്ചടിക്കുകയും ചെയ്തു. ഇതിലാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടത്. ജി20 ഉച്ചകോടി കണക്കിലെടുത്ത് സൈന്യം ജാഗ്രതയിലാണ്, ജി20 ഉച്ചകോടി വിജയകരമായി സംഘടിപ്പിക്കും,” ബരാമുള്ള എസ്എസ്പി അമോദ് അശോക് നാഗ്പുരെ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഇന്നു പുലർച്ചെ രജൗരി ജില്ലയിലെ കാണ്ടി വനത്തിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വെടിവയ്പുണ്ടായെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ രജൗരിയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഒരു ഓഫിസർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയാണ് കാണ്ടിയിലെ കേസരി പ്രദേശത്ത് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടങ്ങിയത്.
ഇന്നലെ രാവിലെ 7.30 ന് ഒരു സംഘം ഭീകരർ പ്രദേശത്തെ ഗുഹയിൽ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചു. ഉടൻ തന്നെ സൈന്യം സ്ഥലത്തെത്തി. സൈന്യത്തിന്റെ സാന്നിധ്യം മനസിലാക്കിയ ഭീകരർ അവർക്കുനേരെ വെടിവച്ചു. സൈന്യവും തിരിച്ചടിച്ചു. മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി ഭീകരരെ തുരത്താനുള്ള ഓപ്പറേഷൻ രാത്രി വൈകിയും നീണ്ടു. കരസേനയുടെ എലൈറ്റ് സ്പെഷ്യൽ ഫോഴ്‌സും ഓപ്പറേഷനിൽ പങ്കെടുത്തിരുന്നുവെന്ന് ന്യൂഡൽഹിയിലെ വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.