മുംബൈ: ഒരൊറ്റ മീനിലൂടെ ലക്ഷങ്ങൾ കിട്ടിയതിന്റെ സന്തോഷത്തിലാണ് മഹാരാഷ്ട്രയിലെ പൽഹാർ സ്വദേശികളായ സഹോദരങ്ങൾ. ഞായറാഴ്ചയാണ് ഇവരുടെ വലയിൽ അപൂർവ ഇനം മീനായ ‘ഗോൽ ഫിഷ്’ കുടുങ്ങിയത്. ലക്ഷങ്ങളുടെ വിലയാണ് ഈ മീനിനുളളത്.
മുംബൈ-പൽഹാർ തീരത്തുനിന്നാണ് ഇവരുടെ വലയിൽ ഗോൽ ഫിഷ് കുടുങ്ങിയത്. 30 കിലോ തൂക്കമുണ്ടായിരുന്നു മീനിന്. അപൂർവ മീൻ കിട്ടിയതറിഞ്ഞ് തീരത്ത് നിരവധി പേർ കാത്തുനിൽപ്പുണ്ടായിരുന്നു. കരയിലെത്തിയപ്പോൾ വെറും 20 മിനിറ്റ് കൊണ്ട് മീൻ വിറ്റ് പോയി. 5.5 ലക്ഷം രൂപയ്ക്കാണ് മീൻ ലേലത്തിൽ പോയത്.
എല്ലാ മത്സ്യത്തൊഴിലാളികളും ആഗ്രഹിക്കുന്നത് വലയിൽ ഒരു ഗോൾ ഫിഷ് കുടുങ്ങണമെന്നാണ് മഹേഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. വർഷങ്ങളായി മത്സ്യ ബന്ധനത്തിന് പോകുന്നുണ്ട്. ഗോൾ ഫിഷ് ഇപ്പോൾ കിട്ടിയപ്പോൾ ഒരുപാട് ആശ്വാസം തോന്നുന്നുണ്ട്. ഇപ്പോൾ കിട്ടിയ പണം സാമ്പത്തിക ബാധ്യതകൾ തീർക്കാനും ബോട്ടിന്റെയും വലയുടെയും അറ്റകുറ്റ പണികൾക്കും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
‘സ്വർണ ഹൃദയമുളള മീൻ’ എന്നാണ് ‘ഗോൽ ഫിഷ്’ അറിയപ്പെടുന്നത്. ഈ മീനിന്റെ എല്ലാ ഭാഗങ്ങളും ഉപകാരപ്രദമാണ്. ഇതിന്റെ ചർമ്മം കോസ്മറ്റിക് പ്രോഡക്റ്റുകൾ നിർമ്മിക്കാൻ ഉപയോഗിക്കാറുണ്ട്. മരുന്നുകളുടെ നിർമ്മാണത്തിനും ഗോൽ ഫിഷ് ഉപയോഗിക്കാറുണ്ട്. സിംഗപ്പൂർ, മലേഷ്യ, ഇന്തോനേഷ്യ, ഹോങ് കോങ്, ജപ്പാൻ എന്നിവിടങ്ങളിലേക്കാണ് ഈ മീൻ കയറ്റുമതി ചെയ്യാറുളളത്.
ഇന്ത്യൻ-പെസഫിക് സമുദ്രങ്ങളിലാണ് ഗോൽ ഫിഷ് പൊതുവേ കാണപ്പെടാറുളളത്. ഗൾഫ് രാജ്യങ്ങളുടെ തീരങ്ങളിലും പാക്കിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ്, ബർമ്മ എന്നിവിടങ്ങളിലും ഇവ കാണപ്പെടാറുണ്ട്. ഇവയ്ക്കു പുറമേ പാപുവ ന്യൂ ഗിനിയയിലും നോർത്തേൺ ഓസ്ട്രേലിയയിലും ഇവ കാണാറുണ്ട്.