ടെഹ്‌റാൻ: ഇറാനിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് രണ്ട് മരണം. വൃദ്ധരായ രണ്ടു പേരാണ് വൈറസ് ബാധിച്ച് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് കൊറോണ ബാധിച്ചുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

“ടെഹ്‌റാനിലെ തെക്ക് ഭാഗത്തുള്ള കോം നഗരത്തിൽ കൊറോണ വൈറസ് ബാധിച്ച് രണ്ട് വൃദ്ധർ മരിച്ചു”വെന്ന് ഇറാൻ ആരോഗ്യമന്ത്രിയുടെ ഉപദേഷ്ടാവ് അലിറെസ വഹാബ്സാദെ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. വൈറസ് ബാധയെ തുടർന്ന് രണ്ടു പേരുടേയും ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടായിരുന്നു. മരിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചൈനയ്ക്ക് പുറത്ത് ഇതുവരെ

Read More: കെഎസ്ആർടിസി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് 15 മരണം

കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2118 ആയി. നിലവില്‍ 75291 പേര്‍ക്ക് കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാനില്‍ രണ്ടു പേർ മരിച്ചതോടെ പശ്ചിമേഷ്യയും കൊറോണ ഭീതിയിലാണ്.

അതേസമയം മരിക്കുന്നവരുടെയും രോഗം സ്ഥിരീകരിക്കുന്നവരുടെയും അനുപാതത്തില്‍ ഒരാഴ്ചയായി കുറവുണ്ടെന്ന് ചൈനീസ് അധികൃതര്‍ വിലയിരുത്തുമ്പോള്‍ പകര്‍ച്ചവ്യാധി അടങ്ങുകയാണെന്നു പറയാറായിട്ടില്ലെന്ന നിലപാടിലാണ് ലോകാരോഗ്യ സംഘടന.

ദക്ഷിണ കൊറിയയില്‍ പത്തുപേര്‍ക്കു കൂടി പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പേരു വെളിപ്പെടുത്താത്ത ആരോഗ്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനോടകം ദക്ഷിണ കൊറിയയില്‍ 31പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അതേസമയം ഇന്ന് മുതൽ ചൈനയിൽ നിന്നുള്ളവർക്ക് പ്രവേശനം നിഷേധിക്കുമെന്ന് റഷ്യ അറിയിച്ചു. തൊഴിൽ, സ്വകാര്യ, വിദ്യാഭ്യാസ, ടൂറിസ്റ്റ് ആവശ്യങ്ങൾക്കായി റഷ്യയിലേക്ക് പ്രവേശിക്കുന്ന ചൈനീസ് പൗരന്മാർക്കാണ് യാത്രാ നിരോധനം. കൊറോണ നിലവിൽ നിയന്ത്രണ വിധേയമാണെങ്കിലും നിലവിലെ സ്ഥിതി അപകടകരമാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അറിയിച്ചു.

വൈറസ് നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികൾ ശക്തമായി തന്നെ തുടരുകയാണ്. ഉപയോഗിച്ച നോട്ടുകളും നാണയങ്ങളും വീണ്ടും വിപണിയിലെത്തു മുന്പ് അണുവിമുക്തമാക്കുന്നുണ്ടെന്ന് ചൈനീസ് സെൻട്രൽ ബാങ്ക് അറിയിച്ചു. ഹുബെ പ്രവിശ്യയിലേക്കുള്ള സഞ്ചാര നിയന്ത്രണം സർക്കാർ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook