മധുര: രണ്ടുപേരുടെ മരണം കണ്ട ലോകപ്രസിദ്ധമായ അളങ്കാനല്ലൂര്‍ ജെല്ലിക്കെട്ടിനു സമാപനം. ഒരു കാള ഉടമയും ഒരു കാഴ്ചക്കാരനുമാണ് അളങ്കാനല്ലൂരില്‍ മരിച്ചത്. തൃശിനാപ്പിള്ളി അവറങ്ങാട് നടന്ന ജെല്ലിക്കെട്ടിനിടെ മറ്റൊരു കാള ഉടമയും മരിച്ചു.
739 കാളകളും 695 മത്സരാര്ഥികളും പങ്കെടുത്ത അളങ്കാനല്ലൂര്‍ ജെല്ലിക്കെട്ടില്‍ 16 എണ്ണത്തിനെ കീഴടക്കിയ രഞ്ജിത് കുമാറാണ് ഒന്നാം സ്ഥാനം നേടിയത്. രഞ്ജിത്തിനു കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ ലഭിച്ചു. ഇതിനു പുറമെ ഏഴു ലക്ഷം രൂപ വിലയുള്ള നാലു കാളകളെ സമ്മാനമായി നല്കുമെന്നു തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
14 കാളകളെ കീഴടക്കിയ കാര്‍ത്തിക് രണ്ടാം സ്ഥാനവും 13 കാളകളെ കീഴടക്കിയ ഗണേശന് മൂന്നാം സ്ഥാനവും നേടി. രണ്ടാം സമ്മാനമായി ബൈക്കും മൂന്നാം സമ്മാനമായി പതിനായിരം രൂപയുമാണു നല്‍കിയത്. മികച്ച കാളയുടെ ഉടമയ്ക്കുള്ള സമ്മാനമായ കാര്‍ കുലമംഗലത്തുനിന്നു പങ്കെടുത്ത കറുപ്പന് നേടി. മുഖ്യമന്ത്രി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്സെല്വുമാണു സമ്മാനങ്ങള്‍ നല്‍കിയത്.
Read Also: പൗരത്വ നിയമത്തിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയത് പിണറായി: കനിമൊഴി
അളങ്കാനല്ലൂരില്‍ മത്സരത്തിനിടെ ഷോളവന്ദനം സ്വദേശി വി. ശ്രീധറാണു സ്വന്തം കാളയുടെ കുത്തേറ്റു മരിച്ചത്. വിരണ്ടോടിയ കാളയെ മൂക്കുകയറില്‍ പിടിച്ചു ശാന്തനാക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 27 കാരനായ ശ്രീധര്‍ സോഫ്റ്റ്വെയര് എന്‍ജിനീയറായിരുന്നു.
അളങ്കാനല്ലൂര്‍ സ്വദേശി ചെല്ലപാണ്ടി (35)യാണു മരിച്ച രണ്ടാമത്തെയാള്‍. മത്സരം കണ്ടുകൊണ്ടിരിക്കെ ചെല്ലപാണ്ടി ഗ്യാലറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. അളങ്കാനല്ലൂര്‍ ജല്ലിക്കട്ടില്‍ നാല്‍പ്പതോളം പേര്‍ക്കു പരുക്കേറ്റു. ഇതില്‍ 13 പേരുടെ നില ഗുരുതരമാണ്. ഇവര്‍ മധുര ഗവ.രാജാജി ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Also: ജാവേദ് അക്തറിന്റെ പിറന്നാൾ പാർട്ടിയിൽ തിളങ്ങി ബോളിവുഡ് താരങ്ങൾ
തൃശിനാപ്പിള്ളിയില്‍ കാള ഉടമ എന്‍.പളനിയാണ്ടിയാണു മത്സരത്തിനിടെ കുത്തേറ്റു മരിച്ചത്. കുതിച്ചുവരുന്ന കാളയെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിനിടെ മറ്റൊരു കാളയുടെ കുത്തേറ്റാണു പളനിയാണ്ടി മരിച്ചത്. കഴുത്തിലാണു കുത്തേറ്റത്. 55 കാരനായ പളനിയാണ്ടി പുതുക്കോട്ട ജില്ലയിലെ സുക്കാംപട്ടി സ്വദേശിയാണ്.
കരൂര്‍ ജില്ലയിലും ജെല്ലിക്കെട്ട് നടന്നു. മൂന്നിടങ്ങളിലായി നൂറോളം പേര്‍ക്കു പരുക്കേറ്റതായാണു പൊലീസ് നല്കുന്ന വിവരം. അളങ്കാനല്ലൂരില്‍ മാത്രം നാല്‍പ്പതോളം പേര്‍ക്കു പരുക്കേറ്റു. ജനുവരി 15നു മധുര ആവണിയാപുരത്താണു വീരവിളയാട്ട് എന്നറിയപ്പെടുന്ന ജെല്ലിക്കെട്ടിന്റെ ഇത്തവണത്തെ സീസണു തുടക്കമായത്.